നെടുമ്പാശ്ശേരി വാഹനാപകടം: മുഖ്യപ്രതി സുഹൈൽ സജീവിന്റെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷ തള്ളി
ശാരിക
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. സുഹൈലിന്റെ സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരാണ് കേസ് നേരിടുന്ന മറ്റ് പ്രതികൾ.
ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വാദം പൂർത്തിയായിരുന്നു. അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദമാണ് പ്രതിഭാഗം കോടതിയിൽ പ്രധാനമായും ഉയർത്തിയത്. അപകടത്തിൽ മരിച്ചവർ സഞ്ചരിച്ച ബൈക്കിൽ മൂന്ന് പേർ കയറിയതാണ് അപകടത്തിന് കാരണമായതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, അതിനാണോ വാഹനം കൊണ്ട് ഇടിച്ചതെന്നും, നിയമലംഘനം നടത്തിയാലും അപകടത്തിൽപ്പെട്ട് അവർ മരിച്ചുപോയില്ലേ ഇനി എന്ത് നടപടിയാണ് എടുക്കാൻ സാധിക്കുകയെന്നും കോടതി പ്രതിഭാഗത്തോട് ആരാഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് വി.ഐ.പി റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അപകടത്തിൽ മരിച്ച ദേവികയുടെ പിതാവ് പ്രതികരിച്ചു. സുഹൈൽ അർഹമായ രീതിയിൽ ശിക്ഷിക്കപ്പെടണമെന്നും, കുടുംബത്തിന്റെ ഏക അത്താണിയാണ് തങ്ങൾക്ക് നഷ്ടമായതെന്നും മറ്റൊരു പിതാവിനും ഈ ഗതി വരരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
sdsd

