സ്യൂട്ട്കെയ്സിൽ മയക്കുമരുന്ന് ; ബഹ്റൈനിൽ യുവാവ് അറസ്റ്റിൽ

സ്യൂട്ട്കെയ്‍സില്‍ മയക്കുമരുന്നുമായെത്തിയ ഏഷ്യൻ വംശജൻ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇയാളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. യുവാവിനെ പിന്നീട് റിമാന്റ് ചെയ്‍ത് ജയിലിലേക്ക് മാറ്റി. ഏഷ്യക്കാരാനായ പ്രവാസിയുടെ കൈവശം 3550 ഗ്രാം മയക്കുമരുന്നാണ് ഉണ്ടായിരുന്നത്. കൈയില്‍ കരുതിയിരുന്ന സ്യൂട്ട്കെയ്‍സില്‍ ഒളിപ്പിച്ചായിരുന്നു ഇത് കൊണ്ടുവന്നത്. യുവാവിനെ പിടികൂടിയ ആന്റി നര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റ്, പബ്ലിക് പ്രോസിക്യൂഷനെ വിവരമറിയിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥരെത്തി ഇയാളെ ചോദ്യം ചെയ്‍ത ശേഷം റിമാന്റ് ചെയ്‍ത് ജയിലിലേക്ക് മാറ്റി. പിടിച്ചെടുത്ത മയക്കുമരുന്ന് ശാസ്‍ത്രീയമായി പരിശോധിക്കാന്‍ വിദഗ്ധര്‍ക്ക് കൈമാറി.