സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസ്: വിഎസ് ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണം


സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസിൽ വിഎസ് അച്യുതാനന്ദന് തിരിച്ചടി. പത്തുലക്ഷം രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടു. അതേസമയം, ഉത്തരവിനെതിരെ അപ്പീലിന് പോകുമെന്ന് വിഎസിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.

സോളാർ കേസുമായി ബന്ധപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നടത്തിയ ഒരു പരാമർശത്തിനെതിരെ ഉമ്മൻചാണ്ടി നൽകിയ കേസിലാണ് ഇപ്പോൾ നിർണായകമായ വിധി. 10,10,000 രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് മാനനഷ്ടത്തിനുള്ള നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടു. 2013 ജൂലൈ ആറിന് ഒരു ടെലിവിഷൻ ചാനലിന് നൽകി അഭിമുഖത്തിലാണ് വിഎസ് അച്യുതാനന്ദൻ വിവാദ പരാമർശം നടത്തിയത്.

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് വിഎസ്‌ ചാനൽ അഭിമുഖത്തിൽ പരാമർശിച്ചത്. ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നും വിഎസ്‌ ആരോപിച്ചു. ഇതിനെതിരെ കേസിനു പോയ ഉമ്മൻചാണ്ടി 2019 സെപ്റ്റംബർ 24ന് കോടതിയിൽ നേരിട്ടെത്തി മൊഴിനൽകിയിരുന്നു. തുടർന്നാണ് കോടതി വിധി പ്രസ്താവിച്ചത്.

You might also like

Most Viewed