സിപിഐഎം കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം

സിപിഐഎം കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനങ്ങൾ ഇന്ന് നടക്കും. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിനിടെ നിയന്ത്രണങ്ങൾ പാലിച്ചാകും സമ്മേളനങ്ങളെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് കാസർഗോഡ് ജില്ലയിലെ പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവ് ജില്ലാ കളക്ടർ പിൻവലിച്ചത്. ഉത്തരവിറക്കി മൂന്ന് മണിക്കൂറിനുള്ളിലാണ് കളക്ടറുടെ നടപടി. ജില്ലയിൽ 36.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആകെ പരിശോധന നടത്തിയ 3098 പേരിൽ 1135 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
അതേസമയം ജില്ലാ കളക്ടർക്കെതിരെ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. ജില്ലയിൽ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ വിലക്ക് സിപിഐഎം ഭീഷണിക്ക് വഴങ്ങിയാണ് കളക്ടർ പിൻവലിച്ചതെന്ന് എംപി വിമർശിച്ചു. ഉത്തരവ് പിൻവലിച്ചത് സിപിഐഎം ജില്ലാ സമ്മേളനം തടസമില്ലാതെ നടക്കാനാണ്. വിഷയത്തിൽ ജില്ലാ കളക്ടറുടെ വിശദീകരണം തൃപ്തികരമല്ലെന്നും സംസ്ഥാനത്തെ ഒമിക്രോൺ വ്യാപനത്തിന് കാരണം സിപിഐഎം സമ്മേളനങ്ങളാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചു.
ജില്ലയിൽ ആൾക്കൂട്ട നിയന്ത്രണം ഉണ്ടെങ്കിലും 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക. പാർട്ടി ശക്തി കേന്ദ്രമായ മടിക്കൈ അന്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സിപിഐഎം ജില്ലാ സമ്മേളനം നടക്കുന്നത്. 150 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
തൃശൂർ ജില്ലയിൽ അഞ്ഞൂറിലധികം പേർക്കിരിക്കാവുന്ന ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. വിവിധ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുഴുവന്‍ സമയവും പങ്കെടുക്കും. ജില്ലാ കമ്മിറ്റിയിൽ നിന്ന് പത്ത് പേരെ മാറ്റിയേക്കുമെന്നാണ് സൂചന. വനിതാ പ്രാതിനിത്യം ഉയർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകിയാകും പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വരിക. ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണൻ തുടരാനാണ് സാധ്യത.