എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി പിടിയിൽ


എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലി പിടിയിൽ. ബസിൽനിന്നാണ് നിഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്‍റാണ് നിഖിൽ. ഇടുക്കി ഗവൺമെന്‍റ് എൻജിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജശേഖരൻ ആണ് കൊല്ലപ്പെട്ടത്. കോളേജ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് ധീരജിനും മറ്റ് രണ്ടു വിദ്യാർഥികൾക്കും കുത്തേറ്റത്. ആക്രമണത്തിനു പിന്നിൽ നിഖിൽ പൈലി എന്നയാളാണെന്നാണ് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിഖിലിനെ പിടികൂടിയത്. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അവർ കാന്പസിന് ഉള്ളിലായിരുന്നു. കാന്പസിനു പുറത്തെ റോഡിൽ വച്ചാണ് കുത്തേറ്റത്. പരിക്കേറ്റ വിദ്യാർഥികളായ അഭിജിത്ത്, അമൽ എന്നിവരെ ഗുരുതര പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൂർ തളിപ്പറന്പ് പട്ടപ്പാറ അദ്വൈതത്തിൽ രാജേന്ദ്രന്‍റെ മകനാണ് ധീരജ്. എൽഐസി ഏജന്‍റ് ആണ് രാജേന്ദ്രൻ. മാതാവ് കല. സഹോദരൻ അദ്വൈത്.

You might also like

Most Viewed