യെമൻ തീരത്തു നിന്ന് ഹൂതി വിമതർ‍ തട്ടിക്കൊണ്ട് പോയ കപ്പലിൽ മലയാളികളും


രണ്ട് മലയാളികൾ‍ ഉൾ‍പ്പെട്ട യുഎഇ കപ്പൽ‍ ഹൂതി വിമതർ‍ തട്ടിക്കൊണ്ട് പോയതായി റിപ്പോർ‍ട്ട്. രണ്ട് മലയാളികൾ‍ ഉൾ‍പ്പെടെ 4 ഇന്ത്യക്കാർ‍ കപ്പലിലുണ്ടെന്നാണ് വിവരം. ചേപ്പാട് സ്വദേശി അഖിൽ‍ രഘുവാണ് കപ്പലിലുള്ള ഒരു മലയാളി. രണ്ടാമത്തെ മലയാളിയെയും മറ്റ് ഇന്ത്യക്കാരെയും കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് അഖിൽ‍ രഘു അവസാനമായി വീട്ടുകാരെ വിളിച്ചത്. ഇതിനു ശേഷം വിരമൊന്നുമില്ല. ചെങ്കടലിൽ‍ പടിഞ്ഞാറൻ തീരമായ അൽ‍ ഹുദൈദായ്ക്ക് സമീപം ബുധനാഴ്ച രാത്രി 11.57 നാണ് സംഭവം. അബുദാബി ലിവാ മറൈന്‍ സർ‍വീസസിന്റെ കപ്പലാണിതെന്ന് കരുതുന്നു. ചെങ്കടലിന്റെ പടിഞ്ഞാറൻ തീരത്ത് വെച്ച് ഹൂതി വിമതർ‍ കപ്പൽ‍ തട്ടിയെടുത്തെന്നാണ് വിവരം. 

അഖിലിന്റെ സഹോദരൻ രാഹുൽ‍ രഘു ഇതേ ഷിപ്പിംഗ് കന്പനിയിൽ‍ മറ്റൊരു ചരക്കു കപല്ലിലാണ് ജോലി ചെയ്യുന്നത്. സൗദിയിലെ ജിസാൻ തുറമുഖത്ത് നിന്ന് യെമനിലെ സൊകോത്ര ദ്വീപിലേക്ക് ആശുപത്രി ഉപകരണങ്ങളുമായി എത്തിയതായിരുന്നു കപ്പൽ‍. 16 പേരാണ് കപ്പലിലുള്ളതെന്നാണ് വിവരം. ഷിപ്പിംഗ് കന്പനി ജീവനക്കാരുടെ വിശദ വിവരങ്ങൾ‍ പുറത്തു വിടുന്നതിനായി കാത്തു നിൽ‍ക്കുകയാണ് അഖിലിന്റെ കുടുംബം. സംഭവത്തിൽ‍ ഇടപെടാനാവശ്യപ്പെട്ട് എഎം ആരിഫ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനും സഹമന്ത്രി വി മുരളീധരനും കത്തയച്ചിട്ടുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ട് അഖിലിന്റെ ബന്ധുക്കൾ‍ മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാർ‍ക്കും പരാതി നൽ‍കിയിട്ടുണ്ട്. അതേസമയം കപ്പൽ‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് യുഎഇ ഭരണകൂടം ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

You might also like

Most Viewed