വേഷംമാറി വിജിലൻസിന്റെ മിന്നൽ പരിശോധന; വാളയാറിൽ ഉദ്യോസ്ഥന്മാരിൽ നിന്ന് പിടികൂടിയത് 67,000 രൂപയുടെ കൈക്കൂലി പണം

പാലക്കാട്
വാളയാർ ആർടിഒ ചെക്‌പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. വേഷം മാറിയാണ് വിജിലൻസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധനയ്‌ക്ക് എത്തിയത്. പരിശോധനയിൽ 67,000 രൂപയുടെ കൈക്കൂലി പണം പിടികൂടി. പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിജിലൻസ് സാന്നിദ്ധ്യം മനസ്സിലാക്കിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയ് കുതറിയോടാൻ ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ബിനോയ്, ജോർജ്ജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവർക്കെതിരെയാകും നടപടി സ്വീകരിക്കുക. പരിശോധനയ്‌ക്ക് നിൽക്കുന്ന ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താൻ ഡ്രൈവർമാർ പച്ചക്കറികളും പഴങ്ങളും നൽകുന്നതായി വിവരം ലഭിച്ചിരുന്നു. മത്തൻ, ഓറഞ്ച് തുടങ്ങിയവ പതിവായി ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നേരത്തേയും ഈ സ്ഥലത്ത് കൈക്കൂലി വാങ്ങുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചരക്ക് വാഹനങ്ങളിൽ കൊണ്ടുവരുന്നത് എന്താണോ അത് തന്നെ പല ഉദ്യോഗസ്ഥരും കൈക്കൂലിയായി വാങ്ങുന്നുണ്ട്.