അനീഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് മുൻ വൈരാഗ്യമെന്ന് പ്രതി


തിരുവനന്തപുരം

പേട്ടയിൽ വീടിനുള്ളിൽ സമീപവാസിയായ വിദ്യാർഥിയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി സൈമൺ ലാലൻ കുറ്റം സമ്മതിച്ചു. കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്നാണ് പോലീസിന്‍റെ ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞത്. മകളുമായി അനീഷിന്‍റെ പ്രണയമാണ് കൊലപാതകത്തിന് കാരണമെന്നും അദ്ദേഹം മൊഴി നൽകി.  കള്ളനാണെന്നു കരുതിയാണ് യുവാവിനെ കുത്തിയതെന്നായിരുന്നു സൈമൺ‍ ലാലൻ നേരത്തേ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഇതു കളവാണെന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. മകളുടെ മുറിക്കുള്ളിൽ ഉണ്ടായിരുന്നത് അനീഷ് ജോർജാണെന്ന് മനസിലാക്കിയതിനു ശേഷമാണ് കുത്തിയതെന്നു പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.  

മകളുടെ മുറിയിലെ ബാത്ത് റൂമിനകത്തു കയറി രക്ഷപ്പെടാൻ അനീഷ് ശ്രമിച്ചിരുന്നു. ഇയാളെ കണ്ട സൈമൺ ബഹളം ഉണ്ടാക്കുകയും ആക്രമിക്കാൻ കത്തിയുമായി പാഞ്ഞടുക്കുകയുമായിരുന്നു. യുവാവിനെ കുത്തുന്നതു തടയാൻ സൈമണ്‍ ലാലന്‍റെ ഭാര്യയും മകളും ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റികൊണ്ടു കുത്തുകയായിരുന്നു.  സൈമണ്‍ ലാലന്‍റെ ഭാര്യയുടെയും മക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. നടന്ന സംഭവങ്ങളെക്കുറിച്ച് മൂവരും പോലീസിൽ മൊഴി നൽകി. വീടിന്‍റെ മുൻവശത്തെ വാതിലും അടുക്കള വാതിലും അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതിനാൽ മോഷണശ്രമം നടന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. യുവാവ് മതിൽ ചാടിയാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്ന് പോലീസ് നായയും മണം പിടിച്ച് കണ്ടെ ത്തിയിരുന്നു. കൊലപാതകത്തിന് ശേഷം പോലീസ് സംഘം സൈമണ്‍ ലാലന്‍റെ വീട് സീൽ ചെയ്തിരുന്നു. ഭാര്യയെയും മക്കളെയും ബന്ധു വീട്ടിലേക്ക് മാറ്റി. അതേസമയം അനീഷിനെ സൈമൺ വീട്ടിൽ വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

You might also like

Most Viewed