പെരിയ ഇരട്ടക്കൊലക്കേസ്: മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമനെ പ്രതി ചേര്‍ത്തു


കൊച്ചി

പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമനെ സിബിഐ പ്രതി ചേര്‍ത്തു. കേസിൽ 21-ാം പ്രതിയാണ് കുഞ്ഞിരാമൻ. പ്രതികൾക്ക് വേണ്ട സഹായം ചെയ്തു കൊടുത്തത് കുഞ്ഞിരാമനാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. നേരത്തേ, സിബിഐയുടെ ഓഫിസിലേക്ക് വിളിച്ചു വരുത്തി കുഞ്ഞിരാമനെ ചോദ്യം ചെയ്തിരുന്നു. കേസിൽ 10 പേരെ കൂടിയാണ് പ്രതിചേർത്തതെന്നും അറസ്റ്റ് ഉടനില്ലെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേസില്‍ അറസ്റ്റിലായ അഞ്ച് സിപിഎം പ്രവര്‍ത്തകർ ഗൂഢാലോചനയിൽ നേരിട്ടു ബന്ധമുള്ളവരാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി കല്യോട്ടെ രാജേഷ് എന്ന രാജു(38), സിപിഎം പ്രവര്‍ത്തകരായ റെജി വര്‍ഗീസ്(44), സുരേന്ദ്രന്‍ എന്ന വിഷ്ണു സുര(47), ശാസ്ത മധു(46), ഹരിപ്രസാദ്(31) എന്നിവരെയാണ് ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തത്.

അതേസമയം പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി അറിഞ്ഞല്ല കൊലപാതകം നടന്നത്. ഇക്കാര്യത്തിൽ സിപിഎമ്മിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമനെ സിബിഐ പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറി വിശദീകരണവുമായി രംഗത്തെത്തിയത്. പെരിയ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കുണ്ടെന്നത് സിപിഎം വിരുദ്ധചേരി നടത്തുന്ന പ്രചരണമാണ്. കോൺഗ്രസ് പറഞ്ഞവരെയാണ് സിബിഐ സംഘം പ്രതികളാക്കിയതെന്നും അദ്ദേഹം ജില്ലാ സെക്രട്ടറി ആരോപിച്ചു.

article-image

kk

You might also like

Most Viewed