കെ.പി.എ.സി ലളിതക്ക്‌ കരൾ‍ നൽ‍കാൻ തയ്യാറെന്ന്‍ കലാഭവൻ‍ സോബി


കോതമംഗലം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ‍ ചികിത്സയിൽ‍ കഴിയുന്ന കെ.പി.എ.സി ലളിതക്ക്‌ കരൾ‍ നൽ‍കാന്‍ തയാറായി കലാഭവൻ സോബി ജോർ‍ജ്‌. കരൾ‍ ദാതാവിനെ തേടിയുള്ള ലളിതയുടെ മകൾ‍ ശ്രീക്കുട്ടിയുടെ അഭ്യർ‍ത്ഥന കണ്ടാണ്‌ തീരുമാനമെന്നും സോബി.

ദാതാവ്‌ ഒ. പോസിറ്റീവ്‌ രക്‌ത ഗ്രൂപ്പിൽ‍പ്പെട്ട ആരോഗ്യവാനായിരിക്കണം. 20നും 50നും ഇടയിലാവണം പ്രായം. പ്രമേഹരോഗികളാകരുത്‌. മദ്യപിക്കുന്നവരും ആകരുത്‌. മറ്റ്‌ രോഗങ്ങളില്ലാത്തവരായിരിക്കണം ദാതാവെന്നും നിബന്ധനയുണ്ട്‌.

മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്ന്‌ സോബി പറഞ്ഞു. ആരോഗ്യവാനാണെങ്കിൽ‍ 65 വയസുവരെ പ്രശ്‌നമില്ലെന്നാണ്‌ ഡോക്‌ടർ‍ മറുപടി നൽ‍കിയത്‌. ശ്രീക്കുട്ടിയുടെ കുറിപ്പ്‌ കണ്ടിട്ട്‌ അമ്മ ഉൾ‍പ്പെടെയുള്ള സിനിമാ സംഘടനകളെയും ലളിത ചികിത്സയിലുള്ള ആശുപത്രിയെയും സമ്മതം അറിയിച്ചിട്ടുണ്ട്‌. ഏതെങ്കിലും കലാകാരൻ‌ വൃക്കയോ കരളോ ആവശ്യമായി വന്നാൽ‍ നൽ‍കാൻ തയാറാണെന്ന്‌ കോവിഡ്‌ ആരംഭത്തിന്‌ മുന്പ്‌ കിഡ്‌നി ഫൗണ്ടേഷന്‍ ചെയർ‍മാൻ ഫാ. ഡേവിസ്‌ ചിറമേലിന്റെ പള്ളിയിൽ‍ പരിപാടി അവതരിപ്പിക്കാൻ പോയപ്പോൾ‍ അച്ചനോട്‌ പറഞ്ഞിരുന്നു. അടുത്തിടെ നൃത്തനാടക അസോസിയേഷൻ സെക്രട്ടറിയേറ്റിനു മുന്പിൽ‍ നടത്തിയ സമരത്തിന്റെ പന്തലിൽ‍ പ്രസംഗിച്ചപ്പോൾ‍ അക്കാഡമി ചെയർ‍പഴ്‌സൺ എന്ന നിലയിൽ‍ കലാകാരന്മാർ‍ക്ക്‌ ആവശ്യമായ സഹായം ലഭ്യമാക്കാത്തതിന്റെ പേരിൽ‍ കെ.പി.എ.സി ലളിതയെ വിമർ‍ശിച്ചിരുന്നു. പിന്നീടാണ്‌ ചേച്ചിക്ക്‌ സുഖമില്ലെന്ന വിവരം അറിഞ്ഞത്‌. കരൾ‍മാറ്റ ശസ്‌ത്രക്രിയയ്‌ക്കോ പിന്നീടോ ഒരു പ്രതിഫലവും കൈപ്പറ്റില്ലെന്നും സോബി പറഞ്ഞു.

You might also like

  • Straight Forward

Most Viewed