കുഞ്ഞിനെ തിരികെ ലഭിക്കാൻ ഹേബിയസ് കോർപസ് ഹർജിയുമായി അനുപമ ഹൈക്കോടതിയിൽ

കൊച്ചി: കുഞ്ഞിനെ തിരികെ ലഭിക്കാൻ പേരൂർക്കട സ്വദേശിനി അനുപമ ഹൈക്കോടതിയെ സമീപിച്ചു. കുഞ്ഞിനെ കണ്ടെത്തി ഹാജരാക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അനുപമ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. ഹർജി ഇന്ന് പരിഗണിക്കും. താൻ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്നും അനുപമ പറയുന്നു.
അമ്മ അടക്കം ആറ് പേരെയാണ് എതിർകക്ഷികളാക്കിയിരിക്കുന്നത്. കുഞ്ഞിനെ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. അനുപമയുടെ അമ്മയും സഹോദരിയുമടക്കം അഞ്ച് പേരുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വിധി പറയും. അമ്മ, സഹോദരി, സഹോദരി ഭർത്താവ്, അച്ഛന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. അച്ഛന്‍ ജയചന്ദ്രന്‍ ജാമ്യാപേക്ഷ നൽകിയിട്ടില്ല.