മഴ ശക്തമായാൽ‍ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി; എല്ലാ ഡാമുകളും ഒരുമിച്ച് തുറക്കാതെ നോക്കും


തിരുവനന്തപുരം: മഴയുണ്ടെങ്കിൽ‍ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പ്രതികൂല കാലാവസ്ഥ തുടർ‍ന്നാൽ‍ ഡാം തുറക്കാതെ മറ്റുവഴികളില്ല. എല്ലാ ഡാമുകളും ഒരുമിച്ച് തുറക്കാതെ നോക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. നിലവിൽ‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.14 അടിയാണ്. ഡാമിലേക്കുള്ള നീരൊഴുക്കിന് ചെറിയ കുറവ് വന്നതിനാൽ‍ ഡാമിലെ ജലനിരപ്പ് കൂടുതൽ‍ ഉയരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ പ്രതികൂലമായാലാണ് ഡാം തുറക്കുക.

ഡാമിൽ‍ വൈകിട്ടോടെ റെഡ് അലർ‍ട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്ന് ഡാം അസിസ്റ്റന്റ് എഞ്ചിനീയർ‍ സജു എംപി പറഞ്ഞു. ഇപ്പോഴത്തെ നീരൊഴുക്ക് അനുസരിച്ച് വൈകിട്ടോടെ റെഡ് അലർ‍ട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്നും എന്നാൽ‍ നിലവിൽ‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സജു എം.പി അറിയിച്ചു. മൂലമറ്റം പവർ‍ഹൗസിൽ‍ വൈദ്യുതി ഉത്പാദനം വർ‍ധിപ്പിച്ചിട്ടുണ്ട്. കൃത്യമായ മുന്നറിയിപ്പുകൾ‍ക്ക് ശേഷമേ ഡാം തുറക്കൂ.

അതിനിടെ അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ‍ സംസ്ഥാനത്തെ വിവിധ ഡാമുകൾ‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ചേർ‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകൾ‍ മുന്പ് ബന്ധപ്പെട്ട ജില്ലാ കലക്ടർ‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നൽ‍കണമെന്നും യോഗം നിർ‍ദേശിച്ചു.

You might also like

Most Viewed