പത്മനാഭസ്വാമി ക്ഷേത്രത്തിലെ സാമ്പത്തിക പ്രതിസന്ധി സുപ്രിംകോടതിയെ അറിയിച്ച് ഭരണസമിതി


തിരുവനന്തപുരം; പത്മനാഭസ്വാമി ക്ഷേത്രത്തിലെ സാമ്പത്തിക പ്രതിസന്ധി സുപ്രിംകോടതിയെ അറിയിച്ച് ഭരണസമിതി. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിൻ്റെയും ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിൻ്റെയും ആവശ്യമാണെന്നും ഭരണസമിതി പറഞ്ഞു. പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിൻ്റെ ആവശ്യത്തിലാണ് ഭരണസമിതി രേഖാമൂലം വിശദാംശങ്ങൾ അറിയിച്ചത്.

ഓഡിറ്റിംഗിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ക്ഷേത്ര ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യവുമായി ബന്ധപ്പെട്ട വാദമുഖങ്ങളും കോടതിയിൽ നടന്നിരുന്നു. തുടർന്ന് ഉത്തരവ് പറയാനായി മാറ്റി. ഇപ്പോൾ ഭരണസമിതി അധ്യക്ഷനായ ജില്ലാ ജഡ്ജി പി കൃഷ്ണകുമാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്.
ക്ഷേത്ര ചെലവ്, ജീവനക്കാരുടെ ശമ്പളം എന്നിവക്കായി ഒന്നേകാൽ കോടി രൂപയാണ് പ്രതിമാസം ചെലവ് വരുന്നത്. എന്നാൽ, പ്രതിമാസ വരുമാനം 60 ലക്ഷത്തിനടുത്ത് മാത്രമാണുള്ളത്. സംസ്ഥാന സർക്കാരിൻ്റെ പിന്തുണ ലഭിച്ചില്ലെങ്കിൽ ഇനി മുന്നോട്ടുപോവുക ദുഷ്കരമായിരിക്കും. സർക്കാർ പ്രതിവർഷം 6 ലക്ഷം രൂപ ക്ഷേത്രത്തിനു നൽകുന്നുണ്ട്. എന്നാൽ കൊവിഡ് പ്രതിസന്ധിയുള്ളതിനാൽ ഇത് പരിഹരിക്കാൻ സർക്കാരിൻ്റെയും ട്രസ്റ്റിൻ്റെയും സഹകരണം അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

You might also like

Most Viewed