പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്താനാകില്ലെന്ന് കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്താനാകില്ലെന്ന് കേരളം സുപ്രീം കോടതിയിൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ സർക്കാർ സത്യവാംങ്മൂലം നൽകി. കന്പ്യൂട്ടറും ഇന്‍റർനെറ്റ് സംവിധാനവും പല വിദ്യാർത്ഥികൾക്കും ഇല്ലാത്തതിനാൽ ഓൺലൈനായി പരീക്ഷ നടത്താൻ ബുദ്ധിമുട്ടുണ്ടെന്ന് സത്യവാംങ്മൂലത്തിൽ പറയുന്നു. മോഡൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്താനാകില്ല. ഓൺലൈൻ പരീക്ഷയിൽനിന്ന് പലകുട്ടികളും പുറത്താകുമെന്നും കേരളം കോടതിയെ അറിയിച്ചു.
കേരളത്തിൽ സാങ്കേതിക സർവകലാശാലയിലെ ബിടെക് പരീക്ഷക്ക് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. പ്ലസ്ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത കൂടിയാണ് ഇത്തവണത്തെ പ്ളസ് വൺ പരീക്ഷ. അതുകൊണ്ട് തന്നെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഒക്ടോബറിൽ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുന്പ് പരീക്ഷ പൂർത്തിയാക്കുമെന്നാണ് സർക്കാരിന്‍റെ ഉറപ്പ്. കേസ് 13ന് സുപ്രീം കോടതി പരിഗണിക്കും.