ഹരിതയോട് മുസ്ലിം ലീഗ് നീതി കാണിച്ചില്ലെന്ന് ഫാത്തിമ തഹ്‌ലിയ
മലപ്പുറം: എംഎസ്എഫിന്‍റെ വനിത വിഭാഗമായ ഹരിതയോട് മുസ്ലിം ലീഗ് നീതി കാണിച്ചില്ലെന്ന് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്‌ലിയ. വിഷയത്തിൽ വനിതാകമ്മീഷന് പരാതി നൽകിയത് പാർട്ടി നേതാക്കൾ നടപടിയെടുക്കാത്തത് കൊണ്ടാണ്. സ്വാഭാവിക നീതി ഹരിതക്ക് ലഭിച്ചില്ല. എന്നാൽ, പാർട്ടിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ലെന്നും തഹ്‌ലിയ കോഴിക്കോട്ട് പറഞ്ഞു. കാണാ മറയത്ത് ഇരിക്കുന്ന ഒരുപാട് പെൺകുട്ടികളുടെ ശബ്ദമാണ് ഹരിതയെന്ന സംഘടന. ഒരുപാട് മേഖലകളിൽ പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന സംഘടനയാണ്. സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കാൻ സംഘടനയ്ക്ക് സാധിച്ചു. എംഎസ്എഫിനെ പോലും പല ക്യാമ്പസുകളിലും നയിക്കുന്നത് "ഹരിത'യാണ്. പാർട്ടി വേദിയിലല്ലാതെ മറ്റെവിടെയും പരാതി ഉന്നയിച്ചിട്ടില്ല. പാർട്ടിയിൽ നിന്നുള്ള പരിഹാരം താമസിച്ചപ്പോഴാണ് വനിത കമ്മീഷനെ സമീപിച്ചത്. അതിന്‍റെ പേരിൽ സമൂഹ മാധ്യമങ്ങൾ വഴി ഇപ്പോഴും വ്യക്തിഹത്യ നടത്തുന്നു. പ്രയാസങ്ങളിൽ കൂടെ ആണ് ഇപ്പോഴും കടന്നു പോകുന്നത്. ഇപ്പോഴും പാർട്ടിയിൽ പ്രതീക്ഷ ഉണ്ട്. വനിതകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന പ്രചാരണം അംഗീകരിക്കാനാവില്ലെന്നും തഹ്‌ലിയ പറഞ്ഞു. മുസ്‌ലിം ലീഗ് അന്ത്യ ശാസനം നൽകിയിട്ടില്ല. പാർട്ടിയിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല വനിതാ കമ്മീഷന് മുമ്പിൽ പോയത്. വനിത കമ്മീഷന് പരാതി നൽകിയതിൽ അച്ചടക്ക ലംഘനം ഇല്ല. കമ്മീഷന് മുന്നിൽ പോയത് തെറ്റ് എന്ന് ഒരു ലീഗ് നേതാവും പറയില്ലെന്നും തഹ്‌ലിയ പറഞ്ഞു.


