കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ മറികടക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന് പ്രതിപക്ഷം


തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ മറികടക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. സാമ്പത്തിക മാന്ദ്യവും മറ്റ് ബുദ്ധിമുട്ടുകളും പരിഹരിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. കോവിഡ് പ്രതിരോധത്തിൽ ഒരു സമയത്ത് ലോകത്തിന് മാതൃകയായിരുന്ന കേരളം ഇന്ന് എവിടെയെത്തിയെന്നും പ്രതിപക്ഷം ചോദിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച അടിയന്തരപ്രമേയത്തിലാണ് സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉയർത്തിയത്

വലതുകൈകൊണ്ട് ഫൈൻ വാങ്ങി ഇടതുകൈകൊണ്ട് കിറ്റ് നൽകുന്ന നടപടിയാണ് സർക്കാരിന്‍റേത്. ഇതെന്തു നയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. ലോകത്ത് നിലവിൽ ഏറ്റവും അധികം രോഗികളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്ത് ഏറ്റവും അധികം രോഗികൾ കേരളത്തിലാണെന്നും സർക്കാർ ഇതൊന്നും കാണുന്നില്ലേയെന്നും പ്രതിപക്ഷം ചോദിച്ചു. സാമ്പത്തിക മാന്ദ്യം മറികടക്കാൻ ഒരു കുടുംബത്തിന് 5,000 രൂപ സഹായധനം നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സർക്കാർ വലിയ സാമ്പത്തിക ഞെരുക്കത്തിലാണെന്ന് മറുപടി പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. കോവിഡ് മൂലം നിരവധി പേർക്ക് തൊഴിൽ നഷ്ടവും വരുമാന നഷ്ടവും സംഭവിച്ചിട്ടുണ്ട്. കോവിഡ് ആശ്വസ പാക്കേജിൽ 23,000 കോടി രൂപ ചെലവഴിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. കിറ്റിനെതിരേ സംസാരിച്ച പ്രതിപക്ഷ നേതാവിന്‍റെ നിലപാടിനെ മുഖ്യമന്ത്രി വിമർശിച്ചു. പ്രതിപക്ഷം കിറ്റിനെ എതിർക്കുന്നത് ദൗർഭാഗ്യകരമാണ്. കിറ്റ് പാതകമായി കാണുന്നില്ലെന്നും ധനമന്ത്രിയും വ്യക്തമാക്കി. അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.

You might also like

Most Viewed