തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊറോണ രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം: മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കൊറോണ രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് കാണാതായത്. നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്റേതാണ് മൃതദേഹം. മെഡിക്കൽ കോളേജ് പോലീസിൽ പ്രസാദിന്റെ ബന്ധുക്കൾ പരാതി നൽകി.
മോർച്ചറിയിൽ പ്രസാദ് എന്ന പേരിൽ മറ്റൊരു മൃതദേഹം കൂടിയുണ്ടായിരുന്നു. രണ്ട് പേരും കൊറോണ പോസിറ്റീവ് ആയിരുന്നു. ഇത് മാറി കൊണ്ടുപോയി സംസ്‌കരിച്ചതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചതായി കുടുംബം പറയുന്നു.
മോർച്ചറിയിൽ മൃതദേഹം കൈകാര്യം ചെയ്തവർക്ക് പറ്റിയ പിഴവാണിതെന്നും കുടുംബം ചൂണ്ടിക്കാട്ടി. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടുവെന്നും കാര്യങ്ങൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
