പ്രമേയത്തെ അനുകൂലിച്ചിട്ടില്ല; നിലപാട് മാറ്റി ഒ. രാജഗോപാല്‍
തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമഭേദഗതിക്കെതിരായ സംസ്ഥാനത്തിന്‍റെ പ്രമേയത്തെ അനുകൂലിച്ചത് വിവാദമായതോടെ വിശദീകരണവുമായി സംസ്ഥാനത്തെ ഏക ബിജെപി എംഎൽഎ ഒ. രാജഗോപാൽ. നിയമസഭയിൽ പ്രമേയത്തെ ശക്തമായി താൻ എതിർത്തുവെന്നും പ്രമേയത്തെ അനുകൂലിക്കുന്നവർ, എതിർക്കുന്നവർ എന്ന് സ്പീക്കർ വേർതിരിച്ചു ചോദിച്ചില്ലെന്നുമാണ് രാജഗോപാലിന്‍റെ വിശദീകരണം. ഒറ്റ ചോദ്യത്തിൽ ചുരുക്കിയ സ്പീക്കർ കീഴ്വഴക്ക ലംഘനം നടത്തിയെന്നും രാജഗോപാൽ ആരോപിച്ചു.
നേരത്തെ, സഭയിൽ സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമത്തെ അനുകൂലിച്ചാണു രാജഗോപാൽ സംസാരിച്ചത്. കർഷകർക്കു നേട്ടമുണ്ടാകുന്നതിനു വേണ്ടിയാണ് നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രമേയം വോട്ടിനിട്ടപ്പോൾ രാജഗോപാൽ എതിർത്തില്ല. പ്രമേയം എതിർപ്പില്ലാതെ പാസായെന്നു സ്പീക്കർ ശ്രീരാമകൃഷ്ണൻ അറിയിക്കുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളോടു സംസാരിക്കവെയാണു താൻ പ്രമേയത്തെ അനുകൂലിച്ചതായി ഒ. രാജഗോപാൽ വെളിപ്പെടുത്തിയത്.

