മുന്നാക്ക സംവരണം ഒക്ടോബർ 23 മുതൽ പ്രാബല്യത്തിലാക്കിയെന്ന് പി.എസ്.സി
തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിലെ 10 ശതമാനം പിന്നാക്കക്കാർക്ക് സംവരണം ഒക്ടോബർ 23 മുതൽ പിഎസ്‌സി പ്രാബല്യത്തിലാക്കി. ഇന്ന് ചേർന്ന പിഎസ്‌സി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.ഒക്ടോബർ 23ന് മുൻപ് അവസാന തീയതി കഴിയാത്ത എല്ലാ വിജ്ഞാപനങ്ങൾക്കും സംവരണം ബാധകമാക്കി. അപേക്ഷ നിലവിൽ നൽകിയവർക്ക് സംവരണത്തിൽ ഉൾപ്പെടുത്തി വീണ്ടും അപേക്ഷിക്കാൻ അവസരമുണ്ടാകും.
കഴിഞ്ഞ ഒക്ടോബർ 23-നാണ് മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 10 ശതമാനം പേർക്ക് ചട്ടം ഭേദഗതി ചെയ്ത് സംവരണം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനെതിരേ മുസ് ലിം ലീഗും എസ്എൻഡിപിയും ഉൾപ്പടെയുള്ള സംഘടനകൾ രംഗത്തുവന്നിരുന്നു. എന്നാൽ വിഷയത്തിൽ സർക്കാരിന് പൂർണ പിന്തുണയാണ് കത്തോലിക്ക സഭ നല്കിയത്. പിന്നാക്ക സംവരണ വിഷയത്തിൽ പ്രതികരിക്കാതിരുന്ന കോണ്‍ഗ്രസ് നിലപാടിനെ സഭ വിമർശിക്കുകയും ചെയ്തിരുന്നു.




