മികച്ച ബഹ്റൈനി ഡോക്ടർമാർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപ്പിച്ചു; നൽകുന്നത് രണ്ട് ലക്ഷം ഡോളറിന്റെ സമ്മാനങ്ങൾ

മനാമ: രാജ്യത്തെ മികച്ച ബഹ്റൈനി ഡോക്ടർമാർക്കായുള്ള പുരസ്കാരങ്ങൾ പ്രഖ്യാപ്പിച്ചു. നവംബർ മാസത്തെ ആദ്യ ബുധനാഴ്ച്ച ഇതാദ്യമായി രാജ്യത്ത് ഡോക്ടേർസ് ഡെ ആയി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡോക്ടർമാർക്ക് പുരസ്കാരങ്ങൾ നൽകുന്നത്. ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അവാർഡ് ഫോർ ബഹൈറൈനി ഡോക്ടർ എന്ന പേരിൽ നൽകുന്ന പുരസ്കാരങ്ങളുടെ ആകെ മൂല്യം രണ്ട് ലക്ഷം ഡോളറാണ്. ഇന്നോവേഷൻ ആന്റ് ക്രിയേറ്റീവ് അവാർഡ് ഇൻ തെറാപ്യൂട്ടിക്ക്, ക്ലിനിക്കൽ ആന്റ് മെഡിക്കൽ റിസർച്ച് അവാർഡ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഡോ. ജമീല മുഹമ്മദ് അൽ സൽമാനാണ് ലഭിച്ചിരിക്കുന്നത്. ഇതേ വിഭാഗത്തിൽ തന്നെ രണ്ടാമത്തെ പുരസ്കാരം കൺസൽട്ടന്റ് ഫാമിലി ഫിസിഷ്യനും, ആർസിഎസ്ഐ ബഹ്റൈൻ അസോസിയേറ്റ് പ്രഫസറുമായ ഡോ. ഗുർഫാൻ അഹമദ് ജാസിം, ഫാമിലി ഫിസിഷ്യനും, ആരോഗ്യമന്ത്രാലയത്തിലെ ഡയറക്ടർ ഓഫ് പബ്ലിക്ക് ഹെൽത്തുമായ ഡോ നജാത്ത് മുഹമ്മദ് അബ്ദുൽ ഫാത്ത് എന്നിവർ ചേർന്നാണ് പങ്കിട്ടത്.
രണ്ടാമത്തെ വിഭാഗമായ എക്സ്റ്റെന്റഡ് ലോയൽറ്റി ആന്റ് ഗിവിങ്ങ് അവാർഡ് ഫാമിലി ഫിസിഷ്യനും, ആരോഗ്യവകുപ്പിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായ ഡോ: മറിയം ഇബ്രാഹിം അൽ ഹാജ്റിക്കാണ് ലഭിച്ചത്. മുപ്പത് വർഷത്തിലധികമായി അവർ ആരോഗ്യമേഖലയിൽ സജീവ സാന്നിദ്ധ്യമാണ്. ഇവർക്ക് നവംബർ ആദ്യവാരത്തിലെ ബുധനാഴ്ച്ചയായ നാലാം തീയതി ഡോക്ടേർസ് ദിനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.