കേരളാ കോൺഗ്രസ് എം മത്സരിച്ച് വന്ന എല്ലാ സീറ്റിലും അവകാശവാദം ഉന്നയിച്ച് പിജെ ജോസഫ്

കോട്ടയം: ജോസ് കെ മാണി വിഭാഗം ഇടത് മുന്നണി സഹകരണം ഉറപ്പിച്ചതോടെ കേരളാ കോൺഗ്രസ് എം മത്സരിച്ച് വന്ന എല്ലാ സീറ്റിലും അവകാശവാദം ഉന്നയിച്ച് പിജെ ജോസഫ്. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റും കിട്ടണമെന്ന ആവശ്യം മുന്നണി നേതൃത്വത്തിന് മുന്നിൽ പിജെ ജോസഫ് വച്ചുകഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ 1212 സീറ്റിലും 15 നിയമസഭാ സീറ്റിലും ആണ് കേരളാ കോൺഗ്രസ് മത്സരിച്ചിരുന്നത്. നേതാക്കളുടെയും അണികളുടേയും വലിയ നിര ഒപ്പമുണ്ടെന്നും ഇത് കണക്കിലെടുത്ത് വേണം തുടര്‍ തീരുമാനങ്ങളെന്നുമാണ് പിജെ ജോസഫ് പറയുന്നത്.
സീറ്റുമായി ബന്ധപ്പെട്ട അവകാശവാദവുമായി പി ജെ ജോസഫ് പരസ്യമായി രംഗത്തെത്തിയതോടെ തിങ്കളാഴ്ച ഉഭയകക്ഷി ചര്‍ച്ച നടത്താനാണ് തീരുമാനം.കോട്ടയത്ത് കോൺഗ്രസ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ ചര്‍ച്ചയിൽ പങ്കെടുക്കും. ജോസ് കെ മാണി വിഭാഗം പോയതോടെ കൂടുതൽ സീറ്റിൽ മത്സരിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം ഉള്ളത്. പിജെ ജോസഫ് സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ഇക്കാര്യം വലിയ തര്‍ക്കങ്ങളിലേക്ക് പോകുമോ എന്ന ആശങ്കയും യുഡിഎഫിൽ ഉണ്ട്.