കൂറുമാറ്റം; ‘അവൾക്കൊപ്പം’ ശക്തമായ പോരാട്ടത്തിനൊരുങ്ങി ഡബ്ല്യു.സി.സി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രമുഖർ മൊഴിമാറ്റിയതോടെ മലയാള സിനമയിലെ വനിതാ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കളക്ടീവ് പ്രതിഷേധവുമായി രംഗത്ത്. അവൾക്കൊപ്പം എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. മാർട്ടിൻ ലൂഥർ കിംഗിന്‍റെ പ്രശസ്തമായ ക്വോട്ടാണ് ഇന്നലെ വുമൺ ഇൻ സിനിമ കളക്ടീവ് അവരുടെ ഫേസ്ബുക്ക് പേജിൽ നൽകിയത്. ഇതുകൂടാതെ ഡബ്ല്യുസിസി അംഗങ്ങളായ രേവതി, റിമ കല്ലിങ്കൽ, രമ്യ നന്പീശ തുടങ്ങിയവർ തങ്ങളുടെ പ്രതിഷേധം ഫേസ് ബുക്കിലൂടെ അറിയിച്ചിരുന്നു. നടന്‍ ഹരീഷ് പേരടിയും പ്രതികരണവുമായി രംഗത്തെത്തി. കേസിൽ കൂറുമാറിയ നടി ഭാമയ്ക്കെതിരേ രൂക്ഷ വിമർശനമാണ് രേവതി ഉന്നയിച്ചത്. സിദ്ദിഖ് മൊഴി മാറ്റിയത് മനസിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാഗത്തുനിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫേസ്ബുക്കിൽ കുറിച്ചു. സിനിമ രംഗത്തുള്ള സഹപ്രവർത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് അത്യന്തം സങ്കടകരമാണ്.
ഇത്രയേറെ സിനിമകളിൽ വർഷങ്ങളായി കൂടെ പ്രവർത്തിച്ചും ഒത്തിരി നല്ല സമയങ്ങൾ പങ്കുവച്ചിട്ടും കൂടെയുള്ള ഒരു സ്ത്രീയുടെ വിഷയം വന്നപ്പോൾ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലരെന്നും രേവതി ഫേസ്ബുക്കിൽ പറഞ്ഞു. ശക്തമായ വിമർശനമാണ് നടി റിമ കല്ലിങ്കലും ഉയർത്തിയത്. കൂറുമാറിയവരെ പേരെടുത്ത് വിമർശിച്ചായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ള അവസാന സമയത്ത് ചില സഹപ്രവർത്തകർ അവൾക്കെതിരെ തിരിഞ്ഞത് കടുത്ത ദുഃഖമുണ്ടാക്കുന്നതാണ്. നാലു പേർ അവരുടെ മൊഴി മാറ്റിപ്പറഞ്ഞെന്നാണ് കേൾക്കുന്നത്. കേട്ടത് സത്യമാണെങ്കിൽ എന്തൊരു നാണക്കേടാണിതെന്നും റിമ കുറിച്ചു. കേസിൽ കോടതിയിൽ മൊഴിമാറ്റിപ്പറഞ്ഞ അമ്മയിലെ അംഗങ്ങൾ സംഘടനയിൽനിന്നും രാജിവച്ച് പോകണമെന്നാണ് ഹരീഷ് പേരടി പ്രതികരിച്ചത്. കേസിൽ പ്രതിചേർക്കപ്പെട്ട നടൻ തെറ്റുകാരനല്ലെന്ന് പൂർണബോധ്യമുണ്ടെങ്കിൽ അയാളെ സംഘടനയിലേക്ക് തിരിച്ചെടുക്കയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.