ക​രി​പ്പൂ​ർ അ​പ​ക​ടം അ​തീ​വ ദുഃ​ഖ​ക​ര​മെ​ന്ന് ഗ​വ​ർ​ണ​ർ; ഏറെ നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി


കോഴിക്കോട്: കരിപ്പൂർ വിമാനാപകടം അതീവ ദുഃഖകരമെന്ന് ഗവർണർ ആരീഫ് മുഹമ്മൻ ഖാൻ. ഏറെ നിർഭാഗ്യകരമായ അപകടമാണ് കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. കരിപ്പൂരിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. വേഗത്തിൽ രക്ഷാദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടുകാരും സർക്കാരും ചേർന്ന് മികച്ച പ്രവർത്തനം നടത്തി. ആശ്ചര്യപ്പെടുത്തുന്ന മികവോടെയായിരുന്നു രക്ഷാദൗത്യമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവരെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. 

വേദനയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കാളികളികളായി. അപകടവിവരം അറിഞ്ഞ് പ്രധാനമന്ത്രി ഫോണിൽ വിളിച്ചിരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിൽ 14 മുതിർന്നവരും നാലു കുട്ടികളും ഉൾപ്പെടെ 18 പേരാണ് മരിച്ചത്. 7 സ്ത്രീകളും 7 പുരുഷന്മാരുമാണ് മരിച്ചത്. കോഴിക്കോട്−8, മലപ്പുറം−6, പാലക്കാട്−2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള മരിച്ചവരുടെ കണക്ക്. കൂടാതെ പൈലറ്റും കോപൈലറ്റും മരണപ്പെട്ടു. ഇവരുടെ മൃതദേഹം എയർ ഇന്ത്യ ഏറ്റുവാങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 16 ആശുപത്രികളിലായി 149 പേർ ചികിത്സയിലാണ്. ഇതിൽ 23 പേരുടെ നില ഗുരുതരമാണ്. പ്രാഥമിക ചികിത്സക്ക് ശേഷം 23 പേർ ആശുപത്രിവിട്ട് വീടുകളിലേക്ക് മടങ്ങി. അപകടത്തിൽപ്പെട്ടവരിൽ തമിഴ്നാട്, തെലുങ്കാന സ്വദേശികളുമുണ്ട്. 

മരിച്ച ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം സംസ്ഥാനം നൽകും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കരിപ്പൂരിലെത്തിയ ഗവർണറും മുഖ്യമന്ത്രിയും സംഘവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഡോക്ടർമാർ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed