കരിപ്പൂർ വിമാനാപകടം; മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ച് കേന്ദ്രം
കരിപ്പൂർ: കരിപ്പൂർ വിമാനപകടത്തിൽ മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം. വിമാനപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി.
കരിപ്പൂർ വിമാന ദുരന്തത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ മന്ത്രി മരിച്ചവരുടെ കുടുംബാഗങ്ങളെ അനുശോചനവും അറിയിച്ചു. വിമാനത്താവള അധികൃതരും പ്രദേശിക ഭരണകൂടങ്ങളും സമയോചിതമായി പ്രവർത്തിച്ചതിനാൽ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കിട്ടിയത് മന്ത്രി സ്ഥിരീകരിച്ചു. ദുരന്തത്തിന് പിന്നാലെ വെള്ളിയാഴ്ച തന്നെ ഇത് സംബന്ധിച്ച അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടിരുന്നു. ഇതിനായി രണ്ട് സംഘങ്ങൾ എത്തിയതായും മന്ത്രി വ്യക്തമാക്കി.
വ്യോമസേനയിലെ സേവനകാലത്ത് രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ മികച്ച പൈലറ്റായിരുന്നു ക്യാപ്റ്റൻ ഡി.വി സാഠേയെന്ന് മന്ത്രി അനുസ്മരിച്ചു. 59കാരനായ സാഠേ 2013ലാണ് എയർ ഇന്ത്യ എക്പ്രസിൽ ചേരുന്നത്. 10,848 മണിക്കൂർ ഫ്‌ളൈയിംഗ് എക്‌സ്പീരിയൻസുള്ള പൈലറ്റാണ് അദ്ദേഹം. പൈലറ്റുമാരുടെ കുടുംബാഗങ്ങളുടെ നഷ്ടം വിലമതിക്കാനാകാത്തതാണെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി.
കരിപ്പൂർ വിമാനാപകടത്തിൽ രണ്ട് പൈലറ്റ് ഉൾപ്പടെ പതിനെട്ട് പേരാണ് മരിച്ചത്. നിസ്സാരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 23 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.




