സമൂഹ വ്യാപനത്തിലേക്ക് നീങ്ങിയാൽ ഉത്തരവാദിത്തം യുഡിഎഫിനെന്ന് എ.കെ ബാലൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനത്തിലേക്ക് നീങ്ങിയാൽ അതിന്‍റെ പരിപൂർണ ഉത്തരവാദിത്തം യുഡിഎഫിനായിരിക്കുമെന്നു മന്ത്രി എ.കെ ബാലൻ. സമരവുമായി തെരുവിലിറങ്ങുന്നത് രാജ്യദ്രോഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാമാരി സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തിൽ കോവിഡ് വ്യാപനത്തിനുള്ള പ്രത്യക്ഷമായ ഇടപെടലും പ്രേരണയുമാണിത്. ഇത് രാജ്യദ്രോഹമാണ്. ഇത്തരം സമരമുറകൾ ജനങ്ങൾ തള്ളിക്കളയണം.
കേരളത്തിൽ തെരുവുയുദ്ധത്തിനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെങ്കിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന് സാധിക്കാതെ വരുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ തെരുവിലിറക്കി നടത്തുന്ന ഈ അക്രമം വഴി മഹാമാരിയുടെ വ്യാപനത്തിന് കളമൊരുക്കുന്നതു കൊണ്ട് കേരളം നശിക്കട്ടെയെന്നും രോഗവ്യാപനം ഉത്തരേന്ത്യയിലെപ്പോലെ ഇവിടെയുമാകട്ടെ എന്നുമാണ് കോണ്‍ഗ്രസും ബിജെപിയും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

