സ്വർണക്കടത്ത്: സരിത്ത് ഒന്നാം പ്രതി, സ്വപ്ന രണ്ടാം പ്രതി; എൻഐഎ യുഎപിഎ ചുമത്തി
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത് കുമാറും സ്വപ്ന സുരേഷും ഒന്നും രണ്ടും പ്രതികൾ. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) എഫ്ഐആറിലാണ് ഇതു വ്യക്തമാക്കുന്നത്. കൊച്ചി സ്വദേശിയായ, ഇപ്പോൾ വിദേശത്തുള്ള ഫൈസൽ ഫരീദാണ് കേസിലെ മൂന്നാം പ്രതി. സ്വപ്ന സുരേഷിന്റെ ബിനാമിയായി സംശയിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്. കലൂരിലുള്ള എൻഐഎ കോടതിയിലാണ് നിലവിൽ എൻഐഎ എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. യുഎപിഎയിലെ 16,17, 18 വകുപ്പുകളാണ് പ്രതികൾക്കെതിരേ എൻഐഎ ചുമത്തിയിട്ടുള്ളത്. ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഗുരുതരമായ വകുപ്പുകളാണിത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസാണിതെന്ന് എൻഐഎ വ്യക്തമാക്കുന്നു. ഫൈസലിനു വേണ്ടിയാണ് സ്വർണം കടത്തിയതെന്ന് സരിത്ത് മൊഴി നൽകിയിട്ടുണ്ടെന്നും എഫ്ഐആറിൽ പറയുന്നു.

