ലേണേഴ്‌സ് ടെസ്റ്റ് ഇനിമുതൽ വീട്ടിലിരുന്ന് എഴുതാം
തിരുവനന്തപുരം: ലേണേഴ്‌സ് ടെസ്റ്റും സർട്ടിഫിക്കറ്റ് നേടലുമെല്ലാം ഇനിമുതൽ വീട്ടിലിരുന്ന് നടത്താം. ഓൺലൈൻ ടെസ്റ്റ് നടത്താനും, സർട്ടിഫിക്കറ്റുകൾ പ്രിന്റ് എടുക്കാനും പഴകിയ സർട്ടിഫിക്കറ്റുകൾ പുതുക്കിയെടുക്കാനുമെല്ലാം ഇനിമുതൽ ഓൺലൈൻ വഴി സാദ്ധ്യമാകും. ഇതിനുള്ള തയ്യാറെടുപ്പുകളിലാണ് സംസ്ഥാന ഗതാഗത വകുപ്പ്. ലോക്ക്ഡൗൺ മൂലം നിർത്തിവച്ച ലേണേഴ്‌സ് ടെസ്റ്റുകൾ ഓൺലൈനായി പുനഃരാരംഭിക്കാനാണ് ഗതാഗത കമ്മീഷണർക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
സ്വന്തമായി മൊബൈൽ ഫോണോ കംപ്യൂട്ടറോ ഉള്ള ആർക്കും ടെസ്റ്റിൽ പങ്കെടുക്കാം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലമാണ് പുതിയ സംവിധാനമൊരുക്കുന്നത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈൻ സൗകര്യം തുടരണമെന്നാണ് ഗതാഗത സെക്രട്ടറി നൽകിയിരിക്കുന്ന നിർദ്ദേശം.

