വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരിന്റെ വീഴ്ച: കെഎസ്ഇബി ചെയർമാന്റെ മാറ്റത്തിൽ പ്രതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി


ശാരിക

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധി മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കാൻ മുൻ സർക്കാർ തയ്യാറാകാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കാര്യങ്ങൾ വ്യക്തമായി അന്വേഷിക്കാതെയാണ് സ്വകാര്യ കമ്പനിയിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കെഎസ്ഇബി ചെയർമാനെ മാറ്റിയത് സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനാണെന്ന പ്രതിപക്ഷ ആരോപണം അദ്ദേഹം പൂർണ്ണമായും തള്ളി. നടപടിക്രമങ്ങൾ പാലിച്ചാണ് ചെയർമാനെ മാറ്റിയതെന്നും വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ വൈദ്യുതി മന്ത്രിയിൽ നിന്ന് ലഭിച്ച രണ്ട് പ്രൊപ്പോസലുകൾ പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിമാചൽ പ്രദേശിൽ നിന്ന് ഒരു യൂണിറ്റിന് 14.50 രൂപ നിരക്കിലും, സ്വകാര്യ സ്ഥാപനമായ ജിഎൻഎ (GNA)യിൽ നിന്ന് 8.63 രൂപ, 8.90 രൂപ നിരക്കിലുമായിരുന്നു ഓഫറുകൾ ലഭിച്ചത്. ഹിമാചൽ പ്രദേശ് പിടിസി ലിമിറ്റഡ് എന്ന സ്ഥാപനം വഴി നൽകുന്ന വൈദ്യുതിക്ക് ഉയർന്ന കമ്മീഷൻ ഉൾപ്പെടെ ഒമ്പത് രൂപയോളം അധികം നൽകേണ്ടിവരുമായിരുന്നു. ഹിമാചലിൽ നിന്ന് വാങ്ങിയാൽ സർക്കാരിന് 2232 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. അതിനാലാണ് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാഗ്ദാനം ചെയ്ത ജിഎൻഎയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

എൽഡിഎഫ് സർക്കാരിന്റെ കാലത്തും ജിഎൻഎ ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റെ കാലത്ത് ജിൻഡാൽ, അദാനി, ടാറ്റാ പവർ തുടങ്ങിയ സ്വകാര്യ കമ്പനികളിൽ നിന്നാണ് ഭൂരിഭാഗം വൈദ്യുതിയും വാങ്ങിയത്. മുൻ സർക്കാർ 4.65 രൂപ നിരക്കിൽ ലഭിച്ചിരുന്ന 465 മെഗാവാട്ട് വൈദ്യുതിയുടെ ദീർഘകാല കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്നും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണം ഉണ്ടാകുന്നതിൽ മുൻ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് ഹവേഴ്‌സിൽ ഏറ്റവും കൂടുതൽ വൈദ്യുതി നൽകുന്നത് ജിഎൻഎ ആയതിനാലാണ് ഈ കരാറുമായി മുന്നോട്ട് പോകുന്നത്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് വൈദ്യുതി കരാറുമായി യാതൊരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

article-image

ffd

You might also like

  • Lulu Exchange
  • Straight Forward

Most Viewed