ഭാവിയിലെ മെട്രോ നഗരമാകാൻ കൊച്ചി: 1500 കോടിയുടെ 'പ്രൊജക്ട്സ് 2050' വിപ്ലവത്തിലേക്ക്


ഷീബ വിജയൻ

കൊച്ചി: അത്യാധുനിക വികസന കാഴ്ചപ്പാടോടെ കൊച്ചി നഗരത്തെ സമഗ്രമായി പരിഷ്കരിക്കാൻ 1500 കോടി രൂപയുടെ 'പ്രൊജക്ട്സ് 2050' പദ്ധതിയുമായി കൊച്ചി കോർപറേഷൻ. ഇതിന്റെ ഭാഗമായി 30 വികസന പദ്ധതികളുടെ അവതരണം കൗൺസിൽ യോഗത്തിൽ നടന്നു. അർബൻ ചലഞ്ച് ഫണ്ട് ഉൾപ്പെടെ ലഭ്യമാക്കി 'പീപ്പിൾ, പ്ലേസസ്, പ്രോഗ്രസ്... എ ഗ്രേറ്റർ കൊച്ചി' എന്ന ടാഗ്‌ലൈനോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്. കൗൺസിലിന്റെ നിർദേശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഉടൻ സംസ്ഥാന സർക്കാരിനും തുടർന്ന് കേന്ദ്ര സർക്കാരിനും സമർപ്പിക്കും. മൊത്തം ചെലവിന്റെ 25 ശതമാനം അർബൻ ചലഞ്ച് ഫണ്ടിലൂടെയും ബാക്കി തുക മുനിസിപ്പൽ ബോണ്ടുകൾ വഴിയും കണ്ടെത്തുമെന്ന് മേയർ വി.കെ. മിനിമോൾ അറിയിച്ചു.

30 പദ്ധതികളിൽ പ്രഥമ പരിഗണന കലൂർ ബസ് സ്റ്റാൻഡിനെ 150-200 കോടി രൂപ ചെലവിൽ ആധുനിക ഇന്റഗ്രേറ്റഡ് മൊബിലിറ്റി ഹബ്ബാക്കുന്നതിനാണ്. ഇവിടെ ഷോപ്പിങ്, ഹ്രസ്വനേര താമസ സൗകര്യങ്ങൾ, വഴിയോര കച്ചവടക്കാർക്കുള്ള പ്രത്യേക ഇടം, മെട്രോ സ്റ്റേഷനിൽ നിന്നുള്ള പാത്ത്‌വേ എന്നിവ ഒരുക്കും. സമീപത്തെ അറവുശാല മാറ്റുകയും ചെയ്യും. ഇതിനൊപ്പം 75-100 കോടി ചെലവിൽ വൈപ്പിൻ ഇന്റഗ്രേറ്റഡ് മൊബിലിറ്റി ഹബ്ബും നടപ്പാക്കും.

കോർപറേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിലെ മുകൾ നിലയിൽ ഏഴരക്കോടി ചെലവിൽ പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന 300-350 സീറ്റിങ് കപ്പാസിറ്റിയുള്ള ഓഡിറ്റോറിയം നിർമിക്കും. അന്തരീക്ഷമലിനീകരണം കുറയ്ക്കാൻ 70-100 കോടി ചെലവിൽ ഇലക്ട്രിക് റോ-റോ സർവീസുകളും ചാർജിങ് കേന്ദ്രങ്ങളും ആരംഭിക്കും.

വൈറ്റിലയിലെ 44 സെന്റിൽ 60 കോടി ചെലവിൽ 12 നിലകളുള്ള സിവിക് സ്ക്വയറും, കച്ചേരിപ്പടിയിൽ 175 കോടി ചെലവിൽ 17 നിലകളുള്ള കൊച്ചി സിവിക് ടവറും ഉയരും. ഇവിടെ വർക്ക് സ്‌പേസ്, പൊതുജന സേവനകേന്ദ്രം, ഫുഡ് കോർട്ട്, പാർക്കിങ് സൗകര്യങ്ങൾ ഉണ്ടാകും. കൂടാതെ ഇടപ്പള്ളി കൺവെൻഷൻ സെന്റർ (57-58 കോടി), തേവര മാർക്കറ്റ് പുനർനവീകരണം (30 കോടി), മട്ടാഞ്ചേരി പറവാന മുക്ക് ഷോപ്പിങ് കോംപ്ലക്സ് (24 കോടി), ചക്കാമാടം കമ്യൂണിറ്റി കോംപ്ലക്സ് (32 കോടി), എറണാകുളം സൗത്തിൽ മുനിസിപ്പൽ സ്റ്റാഫ് റസിഡൻസ് (90 കോടി) എന്നിവയും ഇതിന്റെ ഭാഗമാണ്.

article-image

rsffesefwew

You might also like

  • Lulu Exchange
  • Straight Forward

Most Viewed