കോവിഡ് സ്ഥിരീകരിച്ചയാൾ കറങ്ങി നടന്നു; കോഴിക്കോട് പുതിയാപ്പ ഹാർബർ കണ്ടെയിന്‍മെന്റ് സോൺ
കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച ഡ്രൈവർ കറങ്ങിനടന്ന കോഴിക്കോട് പുതിയാപ്പ ഹാർബർ ഉൾപ്പെടുന്ന കോർപ്പറേഷനിലെ 75−ാം വാർഡ് കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. മലപ്പുറം താനൂർ സ്വദേശിയായ മീൻ ലോറി ഡ്രൈവർ നിരീക്ഷണത്തിലിരിക്കേ പുതിയാപ്പ ഹാർബറിൽ രണ്ടു ദിവസം ചെലവഴിച്ചു എന്നു കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ കളക്ടർ എസ്.സാംബശിവ റാവുവിന്‍റെ നടപടി.
തിങ്കളാഴ്ചയാണ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സഞ്ചരിച്ച വഴികളെക്കുറിച്ച് അന്വേഷണം തുടങ്ങുകയായിരുന്നു. മത്സ്യം കൊണ്ടുപോകാനായി ശനിയാഴ്ച രാവിലെയാണ് ഹാർബറിൽ ഇയാൾ എത്തിയത്. ജോലി ആവശ്യാർഥം ആന്ധ്രാപ്രദേശിൽ പോയി ജൂൺ നാലിന് മടങ്ങിവന്ന ഇയാൾ ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെത്തുടർന്ന് 17−ന് മഞ്ചേരി മെഡിക്കൽ കോളേജിൽ സ്രവപരിശോധനയ്ക്ക് വിധേയനായിരുന്നു. 28 ദിവസം ക്വാറന്റൈനിൽ പോവണമെന്ന നിർദേശം അനുസരിക്കാതെയാണ് പലയിടങ്ങളിലും കറങ്ങിനടന്നത്.
തിങ്കളാഴ്ച ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ച വിവരം അറിഞ്ഞതോടെയാണ് ഇയാൾ സ്വദേശത്തേക്ക് തിരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബുധനാഴ്ച രാവിലെ ഹാർബർ അടച്ച് അണുനശീകരണം നടത്തി. കണ്ടെയ്ൻമെൻ് സോണായതോടെ ഇവിടെ ഭക്ഷ്യ അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന കടകൾക്ക് രാവിലെ എട്ട് മുതൽ അഞ്ച് മണിവരെ മാത്രമായിരിക്കും പ്രവർത്തന അനുമതി.

