നയതന്ത്രവും പ്രവാസി ക്ഷേമവും ചർച്ചയായി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ഖത്തർ അംബാസഡർ കൂടിക്കാഴ്ച നടത്തി
ഷീബ വിജയൻ
കൊച്ചി/ദോഹ: ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസൻ ജാബിർ അൽ ജാബിർ കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കൊച്ചിയിൽവെച്ച് നിർണായക കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും ഇരുരാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ സൗഹൃദബന്ധവും കൂടുതൽ ശക്തമാക്കുന്നത് കൂടിക്കാഴ്ചയിൽ വിശദമായി ചർച്ചയായതായി ഖത്തർ ന്യൂസ് ഏജൻസി (QNA) റിപ്പോർട്ട് ചെയ്തു.
നിലവിൽ നാല് ലക്ഷത്തോളം മലയാളി പ്രവാസികളാണ് ഖത്തറിൽ വസിക്കുന്നത്. ഖത്തറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക വളർച്ചയിലും മലയാളി സമൂഹം നൽകുന്ന സംഭാവനകളെ അംബാസഡർ പ്രത്യേകം അഭിനന്ദിച്ചു. തൊഴിൽ, വ്യാപാരം, വാണിജ്യം, നിക്ഷേപം തുടങ്ങിയ വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന മലയാളി പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന കാര്യങ്ങളും യോഗത്തിൽ പ്രധാന വിഷയമായി.
കേരളവും ഖത്തറും തമ്മിലുള്ള ദീർഘകാല സാംസ്കാരിക-വ്യാപാര ബന്ധം ചൂണ്ടിക്കാണിച്ച വി.ഡി. സതീശൻ, മലയാളി പ്രവാസികൾക്ക് ഖത്തർ സർക്കാർ നൽകിവരുന്ന പിന്തുണയ്ക്കും പരിഗണനയ്ക്കും നന്ദി അറിയിച്ചു. പുതിയ നിക്ഷേപ സാധ്യതകൾ, പ്രവാസി പുനരധിവാസം, തൊഴിൽ മേഖലയിലെ പുതിയ അവസരങ്ങൾ എന്നിവയിലും ഇരുനേതാക്കളും ആശയവിനിമയം നടത്തി. വരും ദിവസങ്ങളിലും ഇത്തരം സൗഹൃദപരമായ ഇടപെടലുകളും സഹകരണവും തുടർന്നുപോകാൻ യോഗത്തിൽ തീരുമാനമായി.
zxxzxz

