ബഹ്‌റൈൻ പ്രതിഭയുടെ ചാർട്ടേഡ് ഫ്‌ളൈറ്റ് കോഴിക്കോട്ടെത്തി


മനാമ: ബഹ്‌റൈൻ പ്രവാസികൾക്കായി ബഹ്‌റൈൻ പ്രതിഭ ഏർപ്പാടാക്കിയ ചാർട്ടേഡ് ഫ്‌ളൈറ്റ് ഇന്നലെ (ജൂൺ 23) ബഹ്‌റൈനിൽ നിന്നും കോഴിക്കോടെത്തി. 169 യാത്രക്കാരെയും കൊണ്ടുള്ള ഗൾഫ് എയർ വിമാനമാണ് ഇന്നലെ രാത്രി 8.30ന് കോഴിക്കോടെത്തിയത്.തൊഴിൽ നഷ്ടപ്പെട്ടവരും, കുട്ടികളും, രോഗികളും, വിസിറ്റിംഗ് വിസയിൽ വന്നവരും ഉൾപ്പെടെ അത്യാവശ്യമായി നാട്ടിൽ എത്തേണ്ടവരാണ് യാത്ര ചെയ്തവരിൽ ഏറെയും. ലോകത്തെയൊന്നാകെ ആശങ്കയിലും, അനിശ്ചിതത്വത്തിലുമാഴ്ത്തിയ കൊറോണ, പ്രവാസ ലോകത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്. ഈ സാഹചര്യത്തിൽ തൊഴിലും, വരുമാനവുമില്ലാതെ എത്രയും പെട്ടന്ന് സ്വന്തം നാട്ടിലെത്തണമെന്നാഗ്രഹിച്ചു പ്രയാസപ്പെട്ടു നിൽക്കുന്ന പ്രവാസി സുഹൃത്തുക്കളെ നാട്ടിലെത്തിക്കാൻ സാധ്യമായ കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഒരുക്കണമെന്ന പ്രതിഭയുടെ ലക്ഷ്യമാണ് 100 ദിനാർ ടിക്കറ്റിന് ഈടാക്കി ചാർട്ടേഡ് ഫ്‌ളൈറ്റ് ഏർപ്പാടാക്കിയതിലൂടെ സാധ്യമായത് എന്ന് ഭാരവാഹികൾ അറിയിച്ചു.

ഇരുപത് ശതമാനം സീറ്റുകൾ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അർഹർക്ക് മാറ്റി വെച്ച് അവർക്ക് സൗജന്യയാത്ര നൽകാൻ സാധിച്ചതായും ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ബഹ്‌റൈൻ പ്രവാസികൾക്കിടയിൽ ബഹ്‌റൈൻ പ്രതിഭ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനം കൂടുതൽ ആളുകളിലേക്കും, മേഖലകളിലേക്കും വ്യാപിപ്പിക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് പ്രതിഭ പ്രവർത്തകർ.

ഈ പ്രവർത്തനങ്ങളിലെല്ലാം പങ്കാളികളായി, പിന്തുണ നൽകി പ്രവർത്തിച്ചു വരുന്ന മുഴുവൻ പ്രവർത്തകർക്കും, അഭ്യുദയകാംക്ഷികൾക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി എൻ.വി.ലിവിൻ കുമാർ, പ്രസിഡണ്ട് കെ.എം. സതീഷ് എന്നിവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed