ചേരാനല്ലൂർ ബെൻസ് കാറപകടം: 17 കാരന്റെ ജാമ്യം റദ്ദാക്കാൻ നീക്കം; പൊലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷണം; കേസ് ക്രൈംബ്രാഞ്ചിലേക്ക്
ഷീബ വിജയൻ
കൊച്ചി: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച കേസിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ റെനോ ഫ്രാൻസിസ് സേവ്യറിനെതിരെ കേസെടുത്തിട്ടുണ്ട്. ലൈസൻസില്ലാതെ അമിതവേഗതയിൽ ബെൻസ് കാർ ഓടിച്ച 17 കാരന്റെ ജാമ്യം റദ്ദാക്കാൻ നിയമപരമായ നടപടി സ്വീകരിക്കുമെന്നും കമീഷണർ വ്യക്തമാക്കി. പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ആഭ്യന്തര അന്വേഷണം നടത്തും.
അപകടം വരുത്തിയ കാറിന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്ററിന് മുകളിലായിരുന്നു. പ്രായപൂർത്തിയാകാത്ത മകൻ വാഹനം ഓടിച്ചതിൽ മാതാപിതാക്കൾക്ക് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അഡീഷണൽ ജില്ലാ ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യറിന്റെ പേരിലാണ് അപകടമുണ്ടാക്കിയ ബെൻസ് കാർ രജിസ്റ്റർ ചെയ്തിരുന്നത്. ഇതേതുടർന്നാണ് വാഹന ഉടമയെന്ന നിലയിൽ മോട്ടോർ വാഹന നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്.
കഴിഞ്ഞദിവസം പുലർച്ചെ കൊച്ചി ചേരാനല്ലൂർ കണ്ടെയ്നർ റോഡിലായിരുന്നു ദാരുണമായ ഈ അപകടം നടക്കുന്നത്. ജഡ്ജിയുടെ 17 വയസ്സുകാരനായ മകൻ ഓടിച്ച ബെൻസ് കാർ സ്കൂട്ടറിന് പിന്നിലിടിച്ച് ചിറ്റൂർ സ്വദേശിയായ ജയബാലകൃഷ്ണനാണ് മരിച്ചത്. തട്ടുകട നടത്തി ഉപജീവനം നടത്തിയിരുന്ന ജയബാലകൃഷ്ണൻ കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കാറിടിക്കുന്നത്. മാതാപിതാക്കൾ അറിയാതെയാണ് ഫ്ലാറ്റിൽനിന്ന് കാറെടുത്തതെന്നാണ് പതിനേഴുകാരൻ നൽകിയ മൊഴി.
അപകടത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പതിനേഴുകാരനെ ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചതോടെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി വീണ്ടും കസ്റ്റഡിയിലെടുത്തെങ്കിലും രാത്രി 12 മണിയോടെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകുകയായിരുന്നു. അപകടത്തിൽ ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്നും ജയബാലകൃഷ്ണന്റെ കുടുംബം അറിയിച്ചു.
adsadsdas

