എൻഎസ്എസ് ബജറ്റ് സമ്മേളനം വീഡിയോ കോൺഫറൻസ് വഴി


കോട്ടയം: കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ എൻഎസ്എസ് ബജറ്റ് സമ്മേളനം വീഡിയോ കോൺഫ്രൻസ് വഴി നടത്തും. സംസ്ഥാനത്തെ അറുപതോളം താലൂക്ക് യൂണിയന്‍ ഓഫീസുകളിലിരുന്ന് പ്രതിനിധികള്‍ യോഗത്തിൽ പങ്കെടുക്കും. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉൾപ്പെടെ മുഖ്യനേതാക്കള്‍ മാത്രമാകും ചങ്ങനാശ്ശേരി പെരുന്ന ആസ്ഥാനത്തുണ്ടാകുക. ഇതു സംബന്ധിച്ച സാങ്കേതിക സംവിധാനങ്ങളുടെ ട്രയല്‍ റണ്‍ ഇന്നലെ നടന്നു. വരുന്ന ഒരു വർഷത്തേക്കുള്ള ബജറ്റ് അവതരണമാണ് ജി. സുകുമാരൻ നായർ നടത്തുക.


ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു സാമുദായിക സംഘടന അവിടെ ഏറ്റവും പ്രധാനപ്പെട്ട യോഗം വീഡിയോ കോൺഫറൻസ് വഴി നടത്തുന്നത്. നേരത്തെ കോവിഡ് രോഗബാധ രണ്ടാംഘട്ടത്തിൽ പൊട്ടിപ്പുറപ്പെട്ട സമയത്ത് സാമുദായിക യോഗങ്ങൾ നിർത്തിവെക്കണമെന്ന തീരുമാനവും മാർച്ച് 9 നു തന്നെ എൻഎസ്എസ് എടുത്തിരുന്നു.


കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം സംബന്ധിച്ച് എൻഎസ്എസ് നിലപാടുകളും യോഗത്തിൽ അവതരിപ്പിക്കും. ക്ഷേത്രങ്ങൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻഎസ്എസ് കാര്യമായി അഭിപ്രായം പറഞ്ഞിരുന്നില്ല. മന്നംജയന്തി സമ്മേളനത്തിന് പുറമേ എൻഎസ്എസ് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വാർഷിക യോഗമാണ് ബജറ്റ് സമ്മേളനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed