എസ്.എം.എ മരുന്ന് വിവാദം: സർക്കാർ വീഴ്ച മറച്ചുവെക്കാൻ വിഷയം വഴിതിരിച്ചുവിടുന്നുവെന്ന് പിണറായി വിജയൻ


ശാരിക

കോഴിക്കോട്: എസ്.എ.ടി ആശുപത്രിയിൽ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികൾക്ക് 'ക്ലിനിക്കൽ ട്രയൽ' ലേബലുള്ള മരുന്ന് നൽകിയ സംഭവത്തിൽ, സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളും സുതാര്യതയില്ലായ്മയുമാണ് വിവാദങ്ങൾക്ക് ഇടയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാനോ, രോഗികളുടെയും കുടുംബങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകൾ പരിഹരിക്കാനോ സർക്കാർ തയ്യാറായില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

സി.പി.എം ജനറിക് മരുന്നുകൾക്ക് എതിരല്ലെന്ന് വ്യക്തമാക്കി പിണറായി വിജയൻ, വാർത്തകൾ മാധ്യമങ്ങളിൽ വന്ന സമയത്ത് വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഡോക്ടറോട് ചോദിക്കണമെന്നും പറഞ്ഞ് ആരോഗ്യ മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ, നാറ്റ്കോ കമ്പനി ഉദ്യോഗസ്ഥർ മന്ത്രിയെ ഓഫീസിൽ കണ്ടതിന്റെ തെളിവുകൾ പുറത്തുവന്നതോടെ വിഷയം ജനറിക് മരുന്നുകൾക്കെതിരായ നീക്കമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. ഉയർന്ന വിലയിൽ മരുന്ന് വിൽക്കുന്ന വിദേശ കമ്പനിയെ സഹായിക്കാനാണോ ഈ ആരോപണമെന്ന തരത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച് വിഷയത്തെ വഴിതിരിച്ചുവിടാനും ശ്രമമുണ്ടായി.

എന്നാൽ, വൻകിട മരുന്ന് കമ്പനികളുടെ കുത്തകയും ചൂഷണവും തടയാൻ ജനറിക് മരുന്നുകൾ ആവശ്യമാണെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. ഇന്ത്യൻ പേറ്റന്റ് നിയമഭേദഗതിയിലും (2005) നൊവാർട്ടിസ് കേസിലും ജീവൻരക്ഷാ മരുന്നുകൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിൽ സി.പി.എമ്മിന്റെ പങ്ക് നിർണായകമായിരുന്നു. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് മരുന്നുകളുടെ 'എവർഗ്രീനിങ്' തടയുന്ന സെക്ഷൻ 3(d) ഇന്ത്യൻ പേറ്റന്റ് നിയമത്തിൽ ഉൾപ്പെടുത്തിയത്. പേറ്റന്റ് വിഷയത്തിലും ജനറിക് മരുന്നുകളിലും ഭരണപക്ഷത്തേക്കാളും യു.ഡി.എഫിനേക്കാളും വ്യക്തമായ പ്രഖ്യാപിത നിലപാട് പാർട്ടിത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലിനിക്കൽ ട്രയൽ ഇന്ത്യയിൽ ആവശ്യമില്ല എന്ന സർക്കാർ വിശദീകരണം മുഖവിലയ്‌ക്കെടുത്താൽ തന്നെ, എന്തിനാണ് അത്തരം ലേബലുള്ള മരുന്ന് സർക്കാർ സംവിധാനത്തിലൂടെ വിതരണം ചെയ്തതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരം പരീക്ഷണ മരുന്നുകൾ വിതരണം ചെയ്ത സാഹചര്യത്തെക്കുറിച്ച് രോഗികളെയും രക്ഷിതാക്കളെയും എന്തുകൊണ്ട് ബോധ്യപ്പെടുത്തിയില്ലെന്നും, ചട്ടപ്രകാരമുള്ള നടപടികൾ പാലിക്കപ്പെട്ടോ എന്നും പൊതുസമൂഹം അറിയേണ്ടതുണ്ട്.

എസ്.എം.എ ബാധിതരുടെ സംഘടനയായ 'ക്യൂർ എസ്.എം.എ' ആശങ്ക ഉന്നയിച്ചപ്പോൾ തന്നെ 2026 ഒക്ടോബർ 12-ന് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ആരോഗ്യ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ രണ്ടാഴ്ചയായിട്ടും അതിന് വസ്തുതാപരമായ മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല. വിഷയത്തിൽ ഉന്നയിക്കപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം ആരോപണം ഉന്നയിക്കുന്നവരെ അധിക്ഷേപിച്ച് സർക്കാറിന് രക്ഷപ്പെടാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം, മരുന്ന് വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ചും മന്ത്രിയുടെ ഇടപെടലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കുട്ടികളുടെ തുടർച്ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed