നഗര മാവോയിസ്റ്റുകളെന്ന് സമ്മതിച്ച് താഹ ഫസലും അലൻ ഷുഹൈബും
കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട താഹ ഫസലും അലൻ ഷുഹൈബും നഗര മാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായി പൊലീസ്. ഇവരെ എൻഐഎ സംഘം ചോദ്യം ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ കുറിച്ചും നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.
ചോദ്യം ചെയ്യലിനോട് തുടക്കത്തിൽ നിസഹകരിച്ചെങ്കിലും അലനും താഹയും നിർണായക വിവരങ്ങൾ കൈമാറിയതായി പൊലീസ് പറയുന്നു. ഡിജിറ്റൽ തെളിവുകൾ നിരത്തി ചോദ്യം െചയ്തപ്പോഴാണ് ഇരുവരും മാവോയിസ്റ്റു ബന്ധം തുറന്നുസമ്മതിച്ചത്. ഇവരുടെ പെൻഡ്രൈവിൽ നിന്നും മെമ്മറി കാർഡിൽ നിന്നും മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന നിർണായക രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എൻഐഎ സംഘവും കേന്ദ്ര ഇന്‍റലിജൻസ് വിഭാഗവും ഇരുവരെയും ചോദ്യം ചെയ്തു. തെളിവുകൾ പലതും നശിപ്പിക്കപ്പെട്ടുവെന്നും പൊലീസ് പറയുന്നു.
തെളിവെടുപ്പിനായി ഇവരെ നേരിട്ട് എവിടെയും കൊണ്ടുപോയിട്ടില്ല. പിടിക്കപ്പെടുന്പോൾ ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ കുറ്റം മറയ്ക്കാനായി ആസൂത്രിതമായ ഉത്തരങ്ങളും ഒഴിഞ്ഞുമാറലും പൊലീസിനെ കുഴക്കിയിരുന്നു.

