ഫാത്തിമയുടെ മരണം: മുരളീധരന്‍ ഇടപെട്ടു, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയിലെത്തും
ന്യൂഡല്‍ഹി: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത വിദ്യഭ്യാസ സെക്രട്ടറി ഇന്നു ചെന്നൈയിലെത്തും. മദ്രാസ് ഐ.ഐ.ടിയിലെത്തി സ്ഥിതി വിലയിരുത്തി വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്‌റിയാൽ സെക്രട്ടറി ആർ.സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പൊഖ്‌റിയാലിനെ കണ്ട്, വിഷയത്തില്‍ ഇടപടണെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എത്രയും വേഗം നടപടിയുണ്ടാകുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫിനെ വിളിച്ച് വി.മുരളീധരന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം ഇന്ന് ചെന്നെയിലെത്തും സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി രാംദാസ് അത്തേവാലയും രംഗത്തെത്തിയിരുന്നു. ഇക്കാര്യം എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേസില്‍ ആരോപണ വിധേയനായ മദ്രാസ് ഐഐടി അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് തമിഴ്‌നാട് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ക്യാമ്പസില്‍ പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനിടെ ഫാത്തിമയുടെ പിതാവിന്റേയും ബന്ധുക്കളുടേയും മൊഴി എടുക്കുന്നത് പൂര്‍ത്തിയായി. ക്രൈംബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഈശ്വര മൂര്‍ത്തി പറഞ്ഞു.

