വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹമരണം: പീഡനം തെളിയിക്കാനായില്ല; പ്രതികളെ വെറുതെ വിട്ടു
പാലക്കാട്: വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ രണ്ടുമാസത്തിനിടെ തൂങ്ങിമരിച്ച കേസിൽ പ്രതികളെ വെറുതെ വിട്ടു. പെൺകുട്ടികളുടെ അച്ഛന്‍റെ സുഹൃത്ത് ഷിബു, അമ്മയുടെ ബന്ധുവായ വി. മധു എന്നിവരെയാണ് കുട്ടികളെ പീഡിപ്പിച്ചതായി തെളിയിക്കാൻ പറ്റാത്ത സാഹചര്യത്തിൽ പാലക്കാട് പോക്സോ കോടതി വെറുതെവിട്ടത്. 2017 ജനുവരി 12−ന് പതിമൂന്നുകാരിയെയും അതേ വർഷം മാർച്ച് നാലിന് ഒൻപതു വയസുകാരിയായ സഹോദരിയെയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതാണ് കേസ്. ഒറ്റമുറി വീട്ടിൽ ഇരുവരും ഒരേ സ്ഥാനത്താണു തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. സ്ത്രീയുടെ ആദ്യ ഭർത്താവിലുള്ളതാണ് മൂത്തകുട്ടി. ഇളയമകളും ഏഴു വയസ്സുള്ള മകനും രണ്ടാം ഭർത്താവിന്‍റെ മക്കളാണ്.
ചുള്ളിമടയ്ക്കടുത്ത് അട്ടപ്പള്ളത്താണ് ഇവരുടെ താമസം. നിർമ്മാണ തൊഴിലാളികളായ ദന്പതികൾ ജോലികഴിഞ്ഞു മടങ്ങിവരുന്നതിനു ഏതാനും മിനുട്ടുകൾക്കു മുന്പാണ് രണ്ടു കുട്ടികളുടെയും മരണം നടന്നത്. രണ്ടു പെൺകുട്ടികളും പീഡനത്തിനിരയായിരുന്നെന്നും ഇതേ തുടർന്നായിരുന്നു ആത്മഹത്യയെന്നും പോലീസ് കണ്ടെത്തിയതോടെയാണ് വിഷയം വിവാദമാവുന്നത്. ജനുവരിയിൽ മരിച്ച മൂത്തകുട്ടി പല തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് മാതാവ് പോലീസിന് മൊഴി നൽകിയിരുന്നു. അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം ബോധ്യപ്പെട്ടപ്പോൾ ഇയാളെ താക്കീത് ചെയ്തിരുന്നുവെന്നും അമ്മ മൊഴി നൽകി.

