വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രഖ്യാപനം ഇന്ന്; തിങ്കളാഴ്ച 21 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യും
ശാരിക l കേരളം
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവൻ പേരുകളും ഇന്ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. മന്ത്രിമാരുടെ വകുപ്പും എണ്ണവും അന്തിമമായിട്ടില്ല. ഇക്കാര്യത്തിൽ ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. ഇന്ന് വീണ്ടും യുഡിഎഫ് യോഗവും ചേരും.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം വൈകിട്ടോടെ തിരുവനന്തപുരത്തെത്തിയിരുന്നു. മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവർണർക്ക് കൈമാറും. 21 അംഗ മുഴുവൻ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. എംഎൽഎമാരുടെ സത്യപ്രതിജ്ഞ 21 നായിരിക്കും. നയപ്രഖ്യാപന പ്രസംഗം 29ന് നടത്തും. ജൂൺ അഞ്ചിന് ആദ്യ ബജറ്റ് അവതരിപ്പിക്കാനുമാണ് നീക്കം.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തല സതീശൻ മന്ത്രിസഭയിൽ ചേരുന്നതിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. ആഭ്യന്തരവകുപ്പ് വേണമെന്ന് ഉറച്ച്നിൽക്കുന്ന ചെന്നിത്തല വഴങ്ങാനാണ് സാധ്യത. രമേശുമായി സംസാരിച്ചെന്നും രമ്യമായ പരിഹാരം ഉണ്ടാകുമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
sdfsdf

