സ്വകാര്യ ബസിൽ നിന്ന് അമ്മയും മകളും തെറിച്ചു വീണു; അമ്മ മരിച്ചു
രാമപുരം: പാലായ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്നും അമ്മയും മകളും പുറത്തേയ്ക്ക് തെറിച്ചുവീണ് അമ്മ മരിച്ചു. പരിക്കേറ്റ മകളെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീറന്താനം ഇരുന്പുകുഴി കവലയ്ക്ക് സമീപം ഒഴുകയിൽ മേരി (70) ആണ് മരിച്ചത്. പരിക്കേറ്റ മകൾ ആഗ്നസ് ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
രാവിലെ 8.20 ഓടെയായിരുന്നു സംഭവം. തൊടുപുഴയിൽ നിന്നും നീറന്താനം വഴി പാലായിലേക്ക് സർവ്വീസ് നടത്തുന്ന ശ്രാവൺ ബസ്സിന്‍റെ ഡോറിൽ കൂടിയാണ് ഇരുവരും പുറത്തേയ്ക്ക് വീണത്. വല്യവീട്ടിൽ പാലത്തിന് സമീപത്തെ സ്റ്റോപ്പിൽ നിന്നും മേരിയും മകൾ ആഗ്നസും കയറി. ബസ് സമീപത്തെ ഇരുന്പുകുഴി കവലയിലെ വളവ് തിരിഞ്ഞപ്പോൾ ഡോർ വഴി ഇരുവരും തെറിച്ച് വീഴുകയായിരുന്നു.
ടാർ റോഡിലേക്ക് തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റ മേരിയെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഗ്നസ് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിലേക്ക് വീണതിനാൽ കാര്യമായ പരിക്കേറ്റില്ല. ഡോർ തുറന്നു വെച്ച് ബസ്സ് ഓടിയതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

