സഹകരണ ബാങ്ക് വായ്പാ തീർപ്പാക്കൽ: ജനപ്രതിനിധികൾക്ക് കൂടുതൽ അധികാരം; പലിശയിൽ 50% വരെ ഇളവ് നൽകാം
ഷീബ വിജയൻ
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ഒറ്റത്തവണ വായ്പാ തീർപ്പാക്കൽ പദ്ധതിയായ 'ആശ്വാസ്' പദ്ധതിയിൽ ജനപ്രതിനിധികൾക്ക് കൂടുതൽ അധികാരം നൽകാൻ തീരുമാനം. എം.എൽ.എമാർക്കും എം.പിമാർക്കും വായ്പാ പലിശയിൽ 50 ശതമാനം വരെ ഇളവ് അനുവദിക്കാനുള്ള വ്യവസ്ഥകൾക്കാണ് സഹകരണ വകുപ്പ് അംഗീകാരം നൽകിയത്. ആശ്വാസ് പദ്ധതിയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയ പശ്ചാത്തലത്തിലാണ് ഈ പരിഷ്കാരം.
അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതിയിൽ എം.എൽ.എയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സമിതിക്ക് പലിശയിൽ 35 ശതമാനം വരെ ഇളവ് നൽകാൻ സാധിക്കും. ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതിയിലാണ് എം.പിമാർ പ്രതിനിധികളാകുന്നത്. എം.പി ഉൾപ്പെടുന്ന ഈ സമിതിക്കാണ് പലിശയിൽ 50 ശതമാനം വരെ ഇളവ് അനുവദിക്കാൻ അധികാരമുള്ളത്. ബാങ്ക് ഭരണസമിതികൾ നടത്തുന്ന സിറ്റിംഗിൽ 25 ശതമാനം പലിശയിളവ് നൽകാൻ മാത്രമാണ് നിലവിൽ വ്യവസ്ഥയുള്ളത്.
പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായിക്കൂടിയാണ് ഈ നടപടി. സംസ്ഥാനത്ത് നിക്ഷേപകർക്ക് തുക തിരികെ നൽകാനാകാതെ 441 സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലാണെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ.
അതേസമയം, ഓഗസ്റ്റ് 31-ന് അവസാനിക്കേണ്ടിയിരുന്ന ആശ്വാസ് പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. കനത്ത മഴയും ഓണാവധിയും പരിഗണിച്ചാണ് തീയതി നീട്ടിയത്. പദ്ധതിയിലൂടെ ഇതുവരെ 100 കോടിയിലധികം രൂപ സഹകരണ സംഘങ്ങൾക്ക് ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.
aa

