പകൽ സമയത്ത് കുറഞ്ഞ നിരക്ക്; സംസ്ഥാനത്ത് വൈകിട്ട് വൈദ്യുതി ഉപയോഗത്തിന് വിലകൂടും ; കരട് താരിഫ് റെഗുലേഷൻ പുറത്തിറക്കി റെഗുലേറ്ററി കമ്മീഷൻ


ഷീബ വിജയൻ

തിരുവനന്തപുരം: പകൽ സമയത്ത് വൈദ്യുത നിരക്ക് കുറയ്ക്കുകയും രാത്രിയിലെ ഉയർന്ന ഉപയോഗ സമയങ്ങളിൽ നിരക്ക് കൂട്ടുകയും ചെയ്യുന്ന തരത്തിലുള്ള പുതിയ കരട് താരിഫ് റെഗുലേഷൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കി. 2027 മുതൽ 2032 വരെയുള്ള കാലയളവിലേക്കുള്ള നിരക്ക് പരിഷ്കരണത്തിനായാണ് പുതിയ നിർദേശങ്ങൾ തയാറാക്കിയിട്ടുള്ളത്. നിലവിലുള്ള 2021-ലെ താരിഫ് റെഗുലേഷൻ 2026-27 സാമ്പത്തിക വർഷത്തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

സോളാർ ഊർജ്ജ ലഭ്യത കൂടുതലുള്ള പകൽ സമയങ്ങളിൽ കുറഞ്ഞ നിരക്ക് ഏർപ്പെടുത്തി ഉപയോക്താക്കളെ അന്നേരത്തേക്ക് ആകൃഷ്ടരാക്കാനും, രാത്രിയിലെ 'പീക്ക്' സമയത്തെ വൈദ്യുതി ആവശ്യകത കുറയ്ക്കാനുമാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. നിലവിൽ പ്രതിമാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് മാത്രമുള്ള 'ടൈം ഓഫ് ഡേ' (TOD) സംവിധാനത്തിന്റെ പരിധി കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കും.

ബാറ്ററി സ്റ്റോറേജുള്ള പുരപ്പുറ സോളാർ ഉപയോക്താക്കൾക്ക് പീക്ക് സമയത്ത് നിരക്കിളവ് നൽകുക, ഫിക്സഡ് ചാർജ് പുനർനിർണ്ണയിക്കുക, ഇന്ധന സർചാർജ് അതത് മാസം തന്നെ ഈടാക്കുക തുടങ്ങിയ സുപ്രധാന നിർദേശങ്ങളും കരടിലുണ്ട്. കൂടാതെ, പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും കെഎസ്ഇബിയുടെ കാര്യക്ഷമതയും സേവനനിലവാരവും വർധിപ്പിക്കാനുമുള്ള നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സിഇആർസി, സിഇഎ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ പുതിയ മാർഗ്ഗനിർദേശങ്ങൾ കണക്കിലെടുത്താണ് നിർദേശങ്ങൾ രൂപീകരിച്ചിട്ടുള്ളത്. പൊതുജനങ്ങൾക്ക് കരട് റെഗുലേഷനുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ തപാൽ വഴിയോ kserc@erckerala.org എന്ന ഇ-മെയിൽ വഴിയോ സെപ്റ്റംബർ 25 വരെ അറിയിക്കാം. കൺസൾട്ടേഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 18-നകം കമ്മീഷന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സംശയങ്ങൾക്ക് 0471-2735544 എന്ന ഹെൽപ്പ് ഡെസ്ക് നമ്പറിൽ ബന്ധപ്പെടാം.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed