ദുരിതാശ്വാസ ക്യാന്പിൽ സി.പി.എം നേതാവിന്‍റെ പണപ്പിരിവ്
ആലപ്പുഴ: ചേർത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാന്പിൽ സി.പി.എം പ്രാദേശിക നേതാവ് നടത്തിയ പണപ്പിരിവിന്റെ ദൃശ്യങ്ങൾ പുറത്ത്.
സി.പി.എം ചേർത്തല കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടനാണ് വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാന്പിൽ അഭയം തേടിയ പാവങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തിയത്. സിവിൽ സപ്ലൈസ് ഡിപ്പോയിൽ നിന്ന് ക്യാന്പിലേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നൽകുന്നതിന് വേണ്ടി എന്ന പേരിലായിരുന്നു പിരിവ്. ക്യാന്പ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നത് ഇതിനും ക്യാന്പിൽ ഉള്ളവർ പിരിവ് നൽകണമെന്നും ഇയാൾ ക്യാന്പിലുള്ളവരോട് പറഞ്ഞു.
ഉദ്യോഗസ്ഥർ പണം നൽകാത്തത് കൊണ്ടാണ് പിരിവ് നടത്തി ദുരിതാശ്വാസ ക്യാന്പിലെ ആവശ്യങ്ങൾ താൻ നടപ്പാക്കിയതെന്നാണ് ഓമനക്കുട്ടൻ നൽകുന്ന വിശദീകരണം.
അതേസമയം സംഭവത്തിൽ ശക്തമായ നടപടിയുണ്ടാവുമെന്ന് ചേർത്തല തഹസിൽദാർ പറഞ്ഞു. ക്യാന്പിലെ എല്ലാ ചിലവുകൾക്കും സർക്കാർ പണം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി പണം പിരിക്കരുതെന്ന് ഇയാളോട് പറഞ്ഞിട്ടുണ്ടെന്നും തഹസിൽദാർ പറഞ്ഞു. ചേർത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി പട്ടിക വർഗ്ഗകോളനി നിവാസികളാണ് വെള്ളം കയറിയതിനെ തുടർന്ന് ക്യാന്പിലെത്തിയത്.
ദുരിതാശ്വാസക്യാന്പിൽ പുറത്തുനിന്നുള്ളവരുടെ ഇടപെടൽ വേണ്ടെന്നും എല്ലാം ക്യാന്പുകളുടേയും നടത്തിപ്പ് പൂർണമായും സർക്കാർ ഉദ്യോഗസ്ഥരുടെ ചുമതലയിലാവണമെന്നും നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കി നിർദേശിച്ചിരുന്നു. ഇപ്പോൾ പണപ്പിരിവ് നടത്തിയ ദുരിതാശ്വാസ ക്യാന്പിന്‍റെ കഴിഞ്ഞ വർഷത്തെ സംഘാടകൻ ഓമനക്കുട്ടനായിരുന്നു. അന്നും ഇയാൾ പണപ്പിരിവ് നടത്തിയെന്നാണ് വിവരം. ഇക്കുറി വില്ലേജ് ഓഫീസറായിരുന്നു ക്യാന്പിന്‍റെ ചുമതലക്കാരനെങ്കിലും ഓമനക്കുട്ടൻ സ്വന്തം നിലയിൽ ക്യാന്പിലെ അംഗങ്ങളിൽ നിന്നും പണം പിരിച്ചെടുക്കുകയായിരുന്നു.

