വധശിക്ഷയ്ക്ക വിധിക്കപ്പെട്ട പ്രതിയെ വൈദ്യുത കസേരയിൽ ഇരുത്തി ശിക്ഷ നടപ്പാക്കി
വാഷിങ്ടൺ: 30 വർഷം മുമ്പ് വധശിക്ഷയ്ക്ക വിധിക്കപ്പെട്ട പ്രതിയെ വൈദ്യുത കസേരയിൽ ഇരുത്തി ശിക്ഷ നടപ്പാക്കി. ഇരട്ടക്കൊലപാതകത്തിന് വധശിക്ഷ ലഭിച്ച സ്റ്റീഫൻ വെസ്റ്റിനെ (56) യാണ് വിഷം കുത്തിവെച്ച് വധിക്കുന്നതിന് പകരം വൈദ്യുതകസേരയിലിരുത്തി വധശിക്ഷ നടപ്പിലാക്കിയത്. വ്യാഴാഴ്ച സ്റ്റീഫന്റെ ശിക്ഷ നടപ്പാക്കിയതായി ടെന്നസി നാഷ്വില്ലെയിലെ ജയിലധികൃതർ അറിയിച്ചു.
1986 ൽ അമ്മയേയും മകളേയും കൊലപ്പെടുത്തിയതാണ് സ്റ്റീഫന് വധശിക്ഷ ലഭിച്ചത്. ശിക്ഷായിളവിന് സ്റ്റീഫൻ സമർപ്പിച്ച അവസാന ഹർജിയും ഗവർണർ ബിൽ ലീ തള്ളിയതോടെയാണ് സ്റ്റീഫൻ ശിക്ഷാമാർഗം തിരഞ്ഞെടുത്ത് അധികൃതരെ അറിയിച്ചത്. ബുധനാഴ്ചയാണ് സ്റ്റീഫന്റെ ഹർജി ഗവർണർ നിരാകരിച്ചത്. തുടർന്ന് വ്യാഴാഴ്ച തന്നെ ഇയാളുടെ വധശിക്ഷ നടപ്പിലാക്കി.
1999 ന് മുമ്പ് ശിക്ഷ ലഭിച്ചവർക്ക് വിഷമരണമോ വൈദ്യുതി മരണമോ തിരഞ്ഞെടുക്കാൻ നിയമം അനുവദിക്കുന്നു. അവസാനനിമിഷം വരെ തന്റെ ശിക്ഷയിൽ ഇളവ് ലഭിക്കുമെന്ന് സ്റ്റീഫൻ വിശ്വസിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതി തന്നെയാണ് മരിക്കുന്നതിനായി ഇലക്ട്രിക് ചെയർ തിരഞ്ഞെടുത്തത്.
ഈ വർഷം അമേരിക്കയിൽ സ്റ്റീഫൻ ഉൾപ്പെടെ 11 പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ 29 സംസ്ഥാനങ്ങളിലാണ് വധശിക്ഷയ്ക്ക് നിയമസാധുതയുള്ളത്. വധശിക്ഷ രാജ്യവ്യാപകമാക്കുമെന്ന് ഗവൺമെന്റ് ജൂലായിൽ പ്രഖ്യാപിച്ചിരുന്നു.

