വയനാട്ടിലെ 10,000 കുടുംബങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ വക അവശ്യകിറ്റുകൾ
കൽപ്പറ്റ: വയനാട് മണ്ധലത്തിലെ പ്രളയ ബാധിതർക്ക് അരിയടക്കമുളള അവശ്യസാധനങ്ങളെത്തിച്ച് രാഹുൽ ഗാന്ധി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി സമാഹരിച്ച് വയനാട്ടിലെത്തിച്ച അവശ്യസാധനങ്ങൾ കോൺഗ്രസ് പ്രവർത്തകർ ദുരിതാശ്വസ ക്യാന്പുകളിൽ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.
50,000 കിലോ അരിയും മറ്റ് അവശ്യ സാധനങ്ങളുമാണ് വയനാട് മണ്ഡലത്തിലെ വിവിധ ക്യാന്പുകളിൽ വിതരണം ചെയ്യുന്നത്. അഞ്ച് കിലോ അരി, പയർ, പരിപ്പ് തുടങ്ങിയ അവശ്യ സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റുകളാണ് ഓരോ കുടുംബത്തിനും വിതരണം ചെയ്യുന്നത്. നിലവിൽ പതിനായിരം കുടുംബങ്ങൾക്കുളള സാധനങ്ങൾ എത്തിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച വയനാട്ടിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിച്ച രാഹുൽ ദുരിതബാധിതർക്ക് പരമാവധി സഹായമെത്തിക്കാൻ അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെ പുതപ്പും, തണുപ്പകറ്റാനുളള മറ്റു വസ്ത്രങ്ങളും മണ്ധലത്തിലെത്തി. അടുത്ത ഘട്ടമായി ശുചീകരണത്തിനുളള വിവിധ സാമഗ്രികൾ വിതരണം ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അടുത്തയാഴ്ച രാഹുൽ ഗാന്ധി വീണ്ടും വയനാട് മണ്ധലത്തിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കുന്നുണ്ട്.

