ഗ്രീന്‍ലാന്‍ഡിനെ യുഎസിന്റെ ഭാഗമാക്കാൻ ശ്രമങ്ങളുമായി ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഗ്രീൻലാൻഡിനെ അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമാക്കാൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് താൽപര്യപ്പെടുന്നതായി റിപ്പോർട്ട്. ഭൂരിഭാഗവും മഞ്ഞുപാളികളാൽ മൂടപ്പെട്ട, ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിനെ അമേരിക്കയോട് കൂട്ടിച്ചേർക്കാനുള്ള സാധ്യതകളെ കുറിച്ച് ട്രംപ് വിദഗ്ധരോട് അഭിപ്രായം ചോദിച്ചതായാണ് വിവരം. ഡെൻമാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡ് ഒരു സ്വതന്ത്രരാഷ്ട്രമായാണ് നിലകൊള്ളുന്നത്.
എന്നാൽ ഗ്രീൻലാൻഡിനെ യുഎസിനൊപ്പം കൂട്ടിച്ചേർക്കുമെന്നുള്ള വാർത്തയെ കുറിച്ച് വൈറ്റ്ഹൗസോ ഡാനിഷ് എംബസിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കുന്നത് യുഎസിന് നേട്ടമാണെന്നാണ് ട്രംപിന്റെ ഉപദേഷ്ടാക്കളിൽ ചിലരുടെ അഭിപ്രായം. എന്നാൽ ഇത് ട്രംപിന്റെ വ്യാമോഹം മാത്രമാണെന്ന് മറ്റു ചിലർ പറയുന്നു.
കാനഡയ്ക്ക് വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഗ്രീൻലാൻഡിന്റെ പ്രകൃതി വിഭവങ്ങളെ കുറിച്ചും ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ചും ട്രംപ് വിശദമായി അന്വേഷിച്ചതായി വോൾ സ്ട്രീറ്റ് ജേണൽ(Wall Street Journal) വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. വലിയ ദ്വീപാണെങ്കിലും ഇവിടത്തെ ആകെ ജനസംഖ്യ 57,000 ആണ്.
യുഎസിന്റെ സൈനികത്താവളമായ തുലേ എയർ ബേസ് പതിറ്റാണ്ടുകളായി ഗ്രീൻലാൻഡിൽ സ്ഥിതിചെയ്യുന്നു. ഉത്തരകൊറിയയിലെ ഗ്രേറ്റ് ബീച്ചസിൽ അമേരിക്കൻ ഉടമസ്ഥതയിൽ അപാർട്ട്മെന്റുകൾ നിർമിക്കാമെന്ന് മുമ്പൊരിക്കൽ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. പ്രസിഡന്റ് പദവിയിലെത്തുന്നതിന് മുമ്പ് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവർത്തിച്ചിരുന്ന ട്രംപിന് അത് വിട്ടൊരു കളിയില്ലെന്നാണ് ശത്രുപക്ഷത്തിന്റെ പരിഹാസം.

