ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി


പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ തുടക്കമായി. ആദ്യ ദിനം എട്ട് പള്ളിയോടങ്ങൾക്കാണ് വള്ളസദ്യ നടന്നത്. അറുപത്തിനാല് വിഭവങ്ങളാണ് വള്ളസദ്യയിൽ വിളന്പുന്നത്. ആറന്മുള പാർത്ഥസാരഥിയുടെ ഇഷ്ട വഴിപാടാണ് വള്ളസദ്യ. ദേശദേവനായ പാർത്ഥസാരഥി അന്നദാന പ്രഭുവാണെന്നാണ് വിശ്വാസം. അഭീഷ്ട കാര്യസിദ്ധി, സന്താന ലബ്ധി, സർപ്പദോഷ പരിഹാരം എന്നിവയ്ക്കായാണ് ഭക്തർ വഴിപാടായി വള്ളസദ്യ നടത്തുന്നത്.

ഈ വർഷത്തെ വള്ളസദ്യകളുടെ ഔദ്യോഗിക ഉദ്ഘാടനം എൻ.എസ്.എസ് പ്രസിഡണ്ട് പി.എൻ നരേന്ദ്രനാഥൻ നായർ നിർവ്വഹിച്ചു. ആദ്യദിനം ചെറുകോൽ, കോഴഞ്ചേരി, പ്രയാർ, തെക്കേമുറി, പുന്നംതോട്ടം, വെൺ‍പാല, ഓതറ, നെടുന്പ്രയാർ‍ എന്നീ എട്ട് പള്ളിയോടങ്ങൾ‍ക്കാണ് വള്ളസദ്യ നടത്തിയത്. ക്ഷേത്രക്കടവിലെത്തിയ പള്ളിയോടങ്ങളെ വഴിപാടുകാർ സ്വീകരിച്ചു. തുടർന്ന് ക്ഷേത്രാങ്കണത്തിലേക്ക് ആനയിച്ചു. കരക്കാർ‍ വഞ്ചിപ്പാട്ട് പാടി ക്ഷേത്രത്തിന് വലം വച്ച് കഴിയുന്പോൾ ഊട്ടുപുരയിലേക്ക് സ്വീകരിച്ചിരുത്തും. പള്ളിയോടക്കാർക്കൊപ്പം ഭഗവാൻ‍ സദ്യ കഴിക്കുമെന്നാണ് വിശ്വാസം. 

ഹരിത ചട്ടം പാലിച്ചാണ് ഇക്കുറി വഴിപാട് വള്ളസദ്യ നടത്തുന്നത്. നാനൂറ്റി മുപ്പതോളം വഴിപാട് വള്ളസദ്യകളാണ് ഇത് വരെ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രളയം മൂലം കഴിഞ്ഞ വർഷം വള്ളസദ്യ മാറ്റി വച്ചവരും ഇത്തവണ വഴിപാടിനായി ബുക്ക് ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed