ഹം ആപ്കേ ഹേ കോനിന്’ 25 വയസ്സ് − സൽമാൻ ഖാനും മാധുരിയും തിയേറ്ററിൽ ആരാധകരോടൊപ്പം സിനിമ കാണും
ന്യൂഡൽഹി: ബോളിവുഡിലെ എക്കാലത്തെയും മികച്ച പണംവാരി പടങ്ങളിൽ ഒന്നായ ഹം ആപ്കേ ഹേ കോൻ റിലീസ് ചെയ്തിട്ട് 25 വർഷം. പ്രണയത്തിന്റെ തീവ്രതയും വേദനയും കുടുംബ ബന്ധത്തിന്റെ ആഴവും ഒക്കെ പറഞ്ഞ ഈ ചിത്രത്തിന്റെ 25−ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് മുംബൈയിലെ ലിബർട്ടി തിയേറ്ററിൽ നടക്കുന്നത്. സിനിമയിലെ താരങ്ങളായ സൽമാൻ ഖാനും മാധുരി ദീക്ഷിത്തും മറ്റു അണിയറ പ്രവർത്തകരും വരുന്ന സിനിമയുടെ സ്പെഷ്യൽ സ്ക്രീനിംഗ് ആഗസ്റ്റ് 9 നു നടക്കും.
1982− ൽ പുറത്തിറങ്ങിയ ‘നാദിയ കെ പ്യാർ’ എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു ‘ഹം ആപ്കേ ഹേ കോൻ’. എന്നാൽ 1992− ൽ പുറത്തിറങ്ങിയ ഈ ചിത്രം ഒറിജിനലിലേക്കാൾ പ്രശസ്തമായി. രാജശ്രീ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് സൂരജ് ബർജാത്യ ആണ്. ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട മ്യൂസിക്കൽ ഡ്രാമ ആയി പിന്നീട് ഈ സിനിമ മാറി. സൽമാൻ ഖാന്റെയും മാധുരി ദീക്ഷിതിൻറെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ഈ സിനിമ മാറി. ഇവരെ കൂടാതെ അനുപം ഖേർ, റീമ ലഗൂ, അലോക് നാഥ്, രേണുക ഷാഹ്‌നെ തുടങ്ങീ വലിയ താര നിര സിനിമയിൽ ഉണ്ടായിരുന്നു.
മാധുരി ദീക്ഷിത്തും സൽമാൻ ഖാനും മറ്റു അണിയറ പ്രവർത്തകരും ലിബർട്ടി തിയേറ്ററിൽ നടക്കുന്ന ചടങ്ങളിൽ സിനിമയുമായി ബന്ധപ്പെട്ട ഓർമ്മകൾ പങ്കു വെയ്ക്കും. കാണികൾക്ക് പ്രത്യേക ടിക്കറ്റിലൂടെ ഇവരോട് സംസാരിക്കാൻ അവസരമുണ്ടാകും എന്നാണ് റിപ്പോർട്ട്.

