സർക്കാർ നിലപാടുകൾ ഇടത് ആശയങ്ങൾക്ക് എതിര്; പിണറായിക്ക് വി.എസിന്‍റെ കത്ത്


 

തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ നിലപാട് ഇടത് ആശയങ്ങൾക്ക് വിരുദ്ധമെന്ന് വി.എസ് അച്യുതാനന്ദൻ. സർക്കാർ നിലപാട് ഇടത് ആശയങ്ങളുമായി ഒത്തുപോകുന്നില്ല. ഇടത് ആശയങ്ങളിൽ പിഴവു വരുത്തിയാൽ അത് ജനവിശ്വാസം തകരുന്നതിനിടയാക്കുമെന്നും സർക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്നുമാണ് വി.എസ് പിണറായിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെടുന്നത്. 

പോലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുക, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാർട്ടൂൺ പുരസ്കാരത്തിൽ സർക്കാർ ഇടപെടുക, കുന്നത്തുനാട് നിലം നികത്തലടക്കം കേരളത്തിൽ നടക്കുന്ന നിലം നികത്തലുകളിലും കയ്യേറ്റങ്ങളിലുമെല്ലാം വേണ്ടത്ര ജാഗ്രത പുലർത്താതിരിക്കുക എന്നീ കാര്യങ്ങളിൽ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്ന് കാണിച്ച് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി. 

ഇടതുപക്ഷ നിലപാടുകളുടെ നിരാസമാണെന്ന് വ്യാഖ്യാനിക്കാവുന്ന നടപടികൾ ജനങ്ങളുടെ അവിശ്വാസത്തിന് കാരണമാവും.  മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാര്യത്തിലും, നിലം നികത്തലുകളുടെ കാര്യത്തിലുമെല്ലാം ഇടതുപക്ഷ നിലപാടുകൾ വ്യക്തമാണ്. അത്തരം കാര്യങ്ങളിൽ സംഭവിക്കുന്ന പിഴവുകൾ ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് വി.എസ് ചൂണ്ടിക്കാട്ടി. അതോടൊപ്പം, ഭൂമി റജിസ്ട്രേഷന് ആധാർ നിർബ്ബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വി.എസ് റവന്യൂ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed