അടൂർ താലൂക്കിൽ അടുത്ത മാസം മുതൽ റേഷൻ വിതരണം ഇ-പോസ് യന്ത്രംവഴി
അടൂർ : അടുത്ത മാസം മുതൽ അടൂർ താലൂക്കിലെ 177 റേഷൻ കടകളിലും റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്നത് ഇ-പോസ് യന്ത്രം (ഇലക്ടോണിക് പോയിന്റ് ഓഫ് സെയിൽ) വഴിയാണ്. ബയോമെട്രിക് സംവിധാനമുള്ള യന്ത്രം വിരലടയാളം ആധാർ നന്പർ വഴി പരിശോധിച്ചാണ് ഉപഭോക്താക്കളെ തിരിച്ചറിയുക. ഈ സംവിധാനം പൂർണമായും നടപ്പാക്കുന്നതോടെ റേഷൻ സംവിധാനം സുതാര്യമാകുമെന്നാണ് അധികൃതർ പറയുന്നത്.
അടുത്ത മാസം രണ്ടിന് ശേഷം എല്ലാ റേഷൻകടകളിലും ഇ-പോസ് യന്ത്രം വഴി സാധനങ്ങൾ കൊടുക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് താലൂക്ക് സപ്ലൈ ഓഫിസർ എം. അനിൽ പറഞ്ഞു. അടൂർ താലൂക്കിലെ എല്ലാ റേഷൻ വ്യാപാരികൾക്കും ഇന്നലെ മെഷീൻ പ്രവർത്തിക്കുന്നതിനുള്ള പരിശീലനം നൽകി. ഇതോടൊപ്പം യന്ത്രങ്ങളും വിതരണം ചെയ്തു.
മുതിർന്ന റേഷൻ വ്യാപാരി എ. ഗോപാലൻനായർക്ക് താലൂക്ക് സപ്ലൈ ഓഫിസർ എം. അനിൽ യന്ത്രം നൽകി ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പറക്കോട് അൻസാരി, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് സെക്രട്ടറി എസ്. വിശ്വനാഥൻപിള്ള എന്നിവർ പ്രസംഗിച്ചു. ഇനി റേഷൻകടകളിൽ എത്തിയും പരിശീലനം നൽകും.

